തിരുവനന്തപുരം യൂണിവേഴ്സിറ്റി വനിതാ ഹോസ്റ്റലിൽ മോശം ഭക്ഷണം വിളമ്പിയ സംഭവത്തിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെയുള്ളവരോട് വിശദീകരണം തേടും. മറുപടി തൃപ്തികരമല്ലെങ്കിൽ നടപടി എടുക്കുമെന്ന് വിദ്യാർത്ഥികൾക്ക് രജിസ്ട്രാർ ഉറപ്പ് നൽകി.

സർവ്വകലാശാല രജിസ്ട്രാർ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ വിദ്യാർത്ഥികൾ ഉന്നയിച്ച പരാതികൾ പരിഹരിക്കുമെന്ന് രജിസ്ട്രാർ വ്യക്തമാക്കി. വാർഡനെ ഒഴിവാക്കിയാണ് ചർച്ച നടത്തിയത്. ഹോസ്റ്റൽ ഭക്ഷണത്തിൽ പുഴുവും, ബാൻഡ് എയിഡുമാണ്  കണ്ടെത്തിയത്. വാർത്തയ്ക്കു പിന്നാലെയാണ് രജിസ്ട്രാർ ഇടപെട്ടത്.

സ്‌ക്രൂ, തൂവൽ, സ്‌ക്രബർ, പുഴുക്കൾ, വണ്ട് എന്നിവയെല്ലാം സ്ഥിരമായി ഭക്ഷണത്തിൽ നിന്ന് കിട്ടാറുണ്ടെന്ന് വിദ്യാർത്ഥികൾ പരാതി ഉയർത്തിയിരുന്നു. മെസ്സിൽ നിറയെ എലികളാണെന്നും വിദ്യാർത്ഥികൾ പറയുന്നു. ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ മെസ്സിൽ വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുന്ന ടേബിളിൽ എലി ചത്ത് കടന്നിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞിരുന്നു.