ധോണി നൽകിയ കോടതിയലക്ഷ്യ ഹർജി; ഐപിഎസ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ

ധോണി നൽകിയ കോടതിയലക്ഷ്യ ഹർജി; ഐപിഎസ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഐപിഎസ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ. മദ്രാസ് ഹൈക്കോടതിയാണ് ജി സമ്പത്ത് കുമാറിന് 15 ദിവസത്തെ തടവ് ശിക്ഷ വിധിച്ചത്. ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിക്കും ഹൈക്കോടതിക്കും എതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ചാണ് ധോണി കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ എസ്.എസ് സുന്ദർ, സുന്ദർ മോഹൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സമ്പത്ത് കുമാറിന് സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിനായി ശിക്ഷാവിധി 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഐപിഎൽ വാതുവെപ്പിൽ തന്റെ പേര് ഉപയോഗിച്ചതിന് 2014-ൽ എം.എസ് ധോണി മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കേസിൽ സമ്പത്ത് കുമാർ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ സുപ്രീം കോടതിക്കും മദ്രാസ് ഹൈക്കോടതിക്കുമെതിരെ ഐപിഎസ് ഉദ്യോഗസ്ഥൻ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും ഇത് ജുഡീഷ്യൽ സംവിധാനത്തിലുള്ള സാധാരണക്കാരന്റെ വിശ്വാസത്തെ തകർക്കാൻ കഴിവുള്ളതും ക്രിമിനൽ അവഹേളനത്തിന് തുല്യമാണെന്നും ധോണി ഉന്നയിച്ചു.