നാലില്‍ മൂന്നും പിടിച്ച് ബിജെപി; കോണ്‍ഗ്രസി​​നെ കൈവിട്ട് രാജസ്ഥാനും ഛത്തീസ്ഗഡും, തെലങ്കാനയില്‍ ആശ്വാസം

നാലില്‍ മൂന്നും പിടിച്ച് ബിജെപി; കോണ്‍ഗ്രസി​​നെ കൈവിട്ട് രാജസ്ഥാനും ഛത്തീസ്ഗഡും, തെലങ്കാനയില്‍ ആശ്വാസം


ആദ്യ ട്രെന്‍ഡുകള്‍ വന്നതോടെ തുടങ്ങിയ ആഘോഷം കോണ്‍ഗ്രസ് ആസ്ഥാനത്ത് നിര്‍ത്തിവച്ചു. ഛത്തീസ്ഗഢ് കൈവിട്ടു പോകുമെന്ന് കണ്ടതോടെയാണ് ആഘോഷം നിര്‍ത്തിയത്. ​​

photo - twitter

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നടക്കുന്ന നാലില്‍ മൂന്നിടത്തും ബിജെപി അധികാരത്തിലേക്കെന്ന് സൂചന. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രാവിലെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ഛത്തീസ്​ഗഡിൽ നിന്നും ഏറ്റവുമൊടുവിൽ പുറത്തുവരുന്ന ഫലം പരിശോധിക്കുമ്പോൾ ഛത്തീസ്​ഗഡും താമരത്തേരിലെന്ന് ഉറപ്പിക്കുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 54 സീറ്റുകളിലാണ് ഛത്തീസ്ഗില്‍ ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 34 സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുന്നത്. ഛത്തീസ്​ഗഡിൽ സർക്കാരുണ്ടാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു.

വോട്ടെണ്ണലിന്റെ ആദ്യഫലം പുറത്തുവന്നപ്പോൾ ഛത്തീസ്​ഗഡ് കോൺ​ഗ്രസിന്റെ കൈയിൽ ഭദ്രമായിരുന്നു. പിന്നീട് ലീഡ് നില മാറി മറിഞ്ഞു. കോണ്ട മണ്ഡലത്തില്‍ സിപിഐയുടെ മനീഷ് കുഞ്ചാം ലീഡ് ചെയ്യുന്നു. ഛത്തീസ്ഗഡിൽ ഭൂപേഷ് ബാ​ഗേൽ ഉൾപ്പെടെ 10 മന്ത്രിമാർ പിന്നിലായിരുന്നു.

മധ്യപ്രദേശില്‍ ബിജെപി 137 ഇടങ്ങളിലും കോൺ​ഗ്രസ് 91 സീറ്റുകളിലും ലീഡ് ചെയ്യുന്നു. രാജസ്ഥാനിൽ 115 ഇടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 68 ഇടത്ത് കോൺ​ഗ്രസ് ലീഡ് ചെയ്യുന്നു.

തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം. 2014ല്‍ സംസ്ഥാന രൂപീകരണം മുതല്‍ കൈവശം വച്ചിരുന്ന ബി.ആര്‍.എസിനെ അട്ടിമറിച്ച് കോണ്‍ഗ്രസ് ചരിത്ര വിജയം നേടി. 119 സീറ്റുകളില്‍ കോണ്‍ഗ്രസിന് 70 ഇടത്തും ബിആര്‍എസിന് 37 ഇടത്തും മറ്റുള്ളവര്‍ 12 ഇടത്തും ലീഡ് ചെയ്യുന്നു. അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി മത്സരിച്ച ഒമ്പതില്‍ എട്ടിടത്തും ലീഡ് ചെയ്യുകയാണ്.

ദക്ഷിണേന്ത്യ 'ഇന്ത്യ' മുന്നണിയുടെ കൈകളിലേക്ക് എത്തുമ്പോള്‍ 2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു കരുതാവുന്ന ഫലമാണ് മധ്യ മേഖല ബിജെപിക്ക് നല്‍കുന്നത്. കഴിഞ്ഞ തവണ ഈ മൂന്ന് സംസ്ഥാനങ്ങളിലും കാര്യമായ കരുത്ത് തെളിയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. പുതിയ ട്രെന്‍ഡ് ബിജെപിയുടെ അംഗബലം ലോക്‌സഭയില്‍ കൂട്ടുമെന്ന സൂചനയാണ് നല്‍കുന്നത്.