വാരിക്കോരി മാര്‍ക്ക് നല്‍കി ജയിപ്പിക്കുന്നതിനെ വിമര്‍ശിച്ച് വിദ്യാഭ്യാസ ഡയറക്ടര്‍ ; നയമല്ലെന്ന് വിദ്യാഭ്യാസമന്ത്രി

വാരിക്കോരി മാര്‍ക്ക് നല്‍കി ജയിപ്പിക്കുന്നതിനെ വിമര്‍ശിച്ച് വിദ്യാഭ്യാസ ഡയറക്ടര്‍ ; നയമല്ലെന്ന് വിദ്യാഭ്യാസമന്ത്രിതൃശ്ശൂര്‍: കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ നയമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. എല്ലാ കുട്ടികളേയും ഉള്‍ച്ചേര്‍ത്തും ഉള്‍ക്കൊണ്ടുമുള്ള ഗുണമേന്മ വര്‍ദ്ധിപ്പിക്കലാണ് സര്‍ക്കരിന്റെ നയമെന്നും അതില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കുന്നതിനെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിമര്‍ശിച്ചെന്ന വാര്‍ത്തയോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇത് സര്‍ക്കാരിന്റെ നയമല്ലെന്നും ഒരു അദ്ധ്യാപകന്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞതായിട്ട് മാത്രം എടുത്താല്‍ മതിയെന്നും കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണ്. ദേശീയ ഗുണനിലവാര സൂചികകളിലും കേരളം മുന്‍പന്തിയിലാണ്. യുണിസെഫ് പോലുള്ള രാജ്യാന്തര ഏജന്‍സികളും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിനന്ദിച്ചതാണെന്നും അത് കൂടുതല്‍ മെച്ചപ്പെടുത്താന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് എന്നും മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.

എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ശില്‍പ്പശാലയ്ക്ക് ഇടയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്റെ വാക്കുകള്‍ നേരത്തേ പുറത്തു വന്നിരുന്നു. എസ്എസ്എല്‍സിയ്ക്കും പ്ലസ്ടൂവിനും വാരിക്കോരി മാര്‍ക്ക് നല്‍കുന്നതിനെ രൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്. അക്ഷരം വായിക്കാനറിയാത്തവര്‍ക്ക് പോലും എ പ്ലസ് കിട്ടുന്നെന്നും 50 ശതമാനം വരെ മാര്‍ക്ക് നല്‍കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ എ പ്ലസ് വര്‍ദ്ധിപ്പിക്കാനായി മാര്‍ക്കുകള്‍ ഉദാരമായി നല്‍കരുതെന്നും 50 ശതമാനത്തിനപ്പുറത്ത് മാര്‍ക്ക് വെറുതേ നല്‍കരുതെന്നും പറഞ്ഞു.

പരീക്ഷ പരീക്ഷയായി മാറണമെന്നും എ പ്ലസ് കിട്ടുന്നത് നിസ്സാര കാര്യമല്ലെന്നും തന്റെ പഠനകാലത്ത് ഡിസ്റ്റിംഗ്ഷന്‍ കിട്ടിയവരുടെ എണ്ണം 5000 മാത്രമായിരുന്നു എന്നും ഇപ്പോള്‍ എ പ്ലസ് കിട്ടുന്നവരുടെ എണ്ണം 69,000 ആണെന്നും പലര്‍ക്കും അക്ഷരം കൂട്ടിവായിക്കാനോ സ്വന്തം പേര് എഴുതാനോ അറിയില്ലെന്നൂം അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ വിദ്യാഭ്യാസ മേഖലയോട് താരതമ്യം ചെയ്തിരുന്ന കേരളത്തിലെ കുട്ടികള്‍ ഇപ്പോള്‍ മനസ്സിലാക്കാനും ഉത്തരം കണ്ടെത്താനുമുള്ള ശേഷിയില്‍ ഏറെ പിന്നിലാണെന്നും പറഞ്ഞു.