എയർപോർട്ടിൽ നിന്നും മുഖ്യമന്ത്രി പോകുന്ന വഴി, കണ്ണൂർ കോക്ടയിൽ കുടിക്കാനെത്തിയവരെ കണ്ട് സംശയം; പൊലീസിനെ ചുറ്റിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ
കണ്ണൂർ: കണ്ണൂരിൽ പൊലീസിനെ വട്ടം ചുറ്റിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും നേതാക്കളും. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാനെന്ന് സംശയിച്ച് കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ കൂടുതൽ പൊലീസുകാർ വന്നിറങ്ങി. മട്ടന്നൂർ എയർപോർട്ടിൽ ഇറങ്ങി ഗസ്റ്റ് ഹൗസിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വരുന്ന വഴിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ കണ്ടതാണ് പൊലീസിനെ കുഴപ്പത്തിലാക്കിയത്. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. സംസ്ഥാന പ്രസിഡന്റ് ഓ.ജെ ജനീഷും വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയിലും ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനൻ തുടങ്ങിയ നേതാക്കളാണ് സ്ഥലത്തുണ്ടായിരുന്നത്.മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതിനാൽ പൊലീസും ജാഗ്രതയിലായി. ഒടുവിൽ നേതാക്കളുടെ അടുത്തെത്തി ടൗൺ എസ്ഐ കാര്യം തിരക്കി. സംസ്ഥാന പ്രസിഡന്റ് ഓ.ജെ ജനീഷും വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയിലും വയനാട്ടിലേക്ക് പോകുന്ന വഴി ജ്യൂസ് കുടിക്കാൻ ഇറങ്ങിയതാണെന്ന് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനനും ഫർസീൻ മജീദും പൊലീസിനോട് വിശദീകരിച്ചു. സംശയം തീരാതെ വന്നതോടെ ടൗൺ സിഐ ഉൾപ്പെടെ സ്ഥലത്തെത്തി. ഒടുവിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ വാഹനത്തിൽ കയറി പോയതോടെയാണ് പൊലീസിന് ആശ്വാസമായത്.