കെഎസ്ആര്‍ടിസി ഇനി കര്‍ണാടകത്തിനും ഉപയോഗിക്കാം

കെഎസ്ആര്‍ടിസി ഇനി കര്‍ണാടകത്തിനും ഉപയോഗിക്കാം

സര്‍ക്കാര്‍ ബസുകളിലെ കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തു കര്‍ണാടകത്തിനും ഉപയോഗിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. പേര് ഉപയോഗിക്കാനുള്ള അവകാശം കേരളത്തിന് മാത്രം നല്‍കിയ ട്രേഡ് മാര്‍ക്ക് രജിസ്റ്ററി ഉത്തരവ് കോടതി റദ്ദാക്കി. കേരളം നല്‍കിയ ഹര്‍ജി തള്ളിയാണ് ഉത്തരവ്. മലയാളം അടക്കം ഭാഷകളില്‍ സ്ഥലപ്പേര് എഴുതുന്നതിനാല്‍ പൊതുജനത്തിന് ആശയക്കുഴപ്പം ഉണ്ടാകില്ലെന്നും കോടതി പറഞ്ഞു.

2021ല്‍ കേരളത്തിന് അനുകൂലമായി രജിസ്ട്രി വിധിച്ച ശേഷവും കര്‍ണാടകം കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിക്കുന്നുണ്ടായിരുന്നു. പുതിയ ഉത്തരവ് കേരള ആര്‍ടിസിക്ക് സാമ്പത്തികപരമായി തിരിച്ചടിയാകും. കെഎസ്ആര്‍ടിസി എന്ന ഡോമെയിന്‍ പേര് കര്‍ണാടകം കൈവശം വച്ചിരിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ബുക്കിങ് കേരളത്തിന് നഷ്ടമാകുന്ന സാഹചര്യം ഉണ്ടായിരുന്നു.

കര്‍ണാടകത്തിലേയും കേരളത്തിലേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ കെഎസ്ആര്‍ടിസി എന്ന പേരാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് കര്‍ണ്ണാടകയുടേതാണെന്നും കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഈ പേര് ഉപയോഗിക്കരുതെന്നും കാട്ടി 2014ല്‍ കര്‍ണാടക നോട്ടീസ് അയക്കുകയായിരുന്നു. തുടര്‍ന്ന് അന്നത്തെ കെഎസ്ആര്‍ടിസി സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കില്‍ കേരളത്തിന് വേണ്ടി അപേക്ഷിച്ചു.

അതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. കെഎസ്ആര്‍ടിസി എന്ന പേര് ആദ്യം ഉപയോഗിച്ചത് കേരളമാണെന്ന് രജിസ്ട്രാറെ ബോധ്യപ്പെടുത്താന്‍ സാധിച്ചതോടെ ഈ പേര് കേരളത്തിന് സ്വന്തമാണെന്ന് 2021ല്‍ ഉത്തരവ് വന്നു. ട്രേഡ് മാര്‍ക്ക്‌സ് ആക്ട് 1999 പ്രകാരം കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും,എംബ്ലവും, ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് അനുവദിച്ച് ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കുകയായിരുന്നു. ഈ ഉത്തരവാണ് ഇപ്പോള്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്.