തിരുവനന്തപുരം: കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധമെന്നും കാർഡ് കൈവശമില്ലെങ്കിൽ 1000 രൂപ പിഴ ഈടാക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ. കടലിൽ പോകുന്ന തൊഴിലാളികൾക്ക് ആധാർ കാർഡ് ഉണ്ടെന്ന് ബോട്ട് ഉടമ ഉറപ്പാക്കണം. രാജ്യ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ കെ.കെ രമയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. ഇതിനായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


വ്യാജ രേഖ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഒറിജിനൽ ആധാർ കാർഡ് തന്നെ കൈവശം വയ്ക്കണം. ആധാർ കാർഡ് നഷ്ടപ്പെട്ടവർക്ക് UIDAI വെബ്സൈറ്റിൽ നിന്ന് ഇ-ആധാർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.

അതേസമയം മുതലപ്പൊഴിയിൽ നിലവിലുള്ള പുലിമുട്ടിൽ അപാകതയുണ്ടെന്ന് വിദഗ്ധ സംഘം കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞു. മുതലപ്പൊഴിയിലെ അപകടത്തിന് കാരണം പുലിമുട്ട് നിർമ്മാണത്തിലെ അശാസ്ത്രീയയാണെന്നാണ് പഠന റിപ്പോർട്ട്. ശക്തമായ തിരയിളക്കത്തിന് കാരണം പുലിമുട്ടിലെ അലൈൻമെൻറിൻ്റെ അപാകതയാണ്. സി ഡബ്ല്യു പി ആർ എസിന്റെ മാതൃക പഠന റിപ്പോർട്ടിലാണ് കണ്ടെത്തൽ. കേന്ദ്ര സംഘം സ്ഥലം സന്ദർശിച്ച് പുതിയ പുലിമുട്ടിനുള്ള കരട് ലേഔട്ട് നൽകിയെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു