ആറളം ഡിജിറ്റൽ റീസർവേ; 127 കുടുംബങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരം

ആറളം ഡിജിറ്റൽ റീസർവേ; 127 കുടുംബങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരം  
ഇരിട്ടി:  ആറളം വില്ലേജിൽ  റവന്യൂ ഭൂമിയാണെന്ന് അടയാളപ്പെടുത്തി നടത്തിയ  ഡിജിറ്റൽ റീ സർവേ നടപടികളിൽ ആശങ്കയിലായി127 കുടുംബങ്ങൾക്ക് ആശ്വാസം. ആറളം പഞ്ചായത്ത് തലത്തിൽ  സർവ്വേയുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജാഗ്രതാസമിതി യോഗത്തിൽ സർവേ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ ഇതുസംബന്ധിച്ച സാങ്കേതികത്വം പരിഹരിക്കാൻ  തീരുമാനമായി.  ഇതോടെ ആറളം വില്ലേജിൽ പെട്ട  കക്കുവ, വട്ടപ്പറമ്പ്, പരിപ്പുതോട്, കൊക്കോട്, ചെടിക്കുളം പ്രദേശങ്ങളിൽ കൃഷി ഭൂമിയും ആരാധനാലയവും വീടുകളും റവന്യു ഭൂമിയാണെന്ന വിധത്തിൽ അളവ് നടത്തിയതിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കപ്പെടും. ഈ തീരുമാനം അനുസരിച്ച് ആധാരങ്ങൾ ഉള്ളതും  കാലാകാലങ്ങളിൽ നികുതി അടച്ചു വരുന്നതുമായ 127 കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം നഷ്ടപ്പെടില്ല.  

ആറളം പഞ്ചായത്തിൽ അടുത്ത ദിവസങ്ങളിൽ നടന്ന  റീ സർവേയിലാണ് ആറളം വില്ലേജിലെ നൂറ് ഏക്കറോളം സ്ഥലം റവന്യൂ ഭൂമിയെന്ന നിലയിൽ കണ്ടെത്തൽ ഉണ്ടായത്. 304, 238, 237, 236, 202 സർവേ നമ്പറുകളിൽ പെട്ട സ്‌ഥലങ്ങൾ  അളന്നപ്പോഴാണ് ഇത്രയും സ്ഥലം  റവന്യു ഭൂമി, പുഴ പുറമ്പോക്ക് ഭൂമിയെന്ന നിലയിൽ കണ്ടെത്തൽ ഉണ്ടായത്. ഇത് കാലാകാലമായി രേഖകളോടെ നികുതിയടച്ച്  കൈവശം വെച്ച് അനുഭവിച്ചു വരുന്ന  ജനങ്ങൾക്കിടയിൽ  വ്യാപക പ്രതിഷേധത്തിനിടയാക്കി. തുടർന്നാണ് ആറളത്തു ജാഗ്രതാസമിതി നിലവിൽ വന്നത്.  1933 ൽ നടന്ന സർവേ അടിസ്ഥാന രേഖയാക്കി അളവ് നടത്തിയപ്പോൾ അന്ന്  അൺസർവേഡ് ആയിരുന്ന ഭൂമി പട്ടികയിൽ ഇല്ലാത്തതാണ്  പ്രതിസന്ധി ഉണ്ടാക്കിയിട്ടുള്ളതെന്ന ജനപ്രതിനിധികളുടെയും ബന്ധപ്പെട്ടവരുടെയും വാദം സർവേ ഉദ്യോഗസ്ഥർ അംഗീകരിക്കുകയായിരുന്നു. യോഗത്തിൽ  അൺസർവേഡിൽ പെട്ട ഈ ഭാഗം പുതിയ സർവേ നമ്പറാക്കി  അതതു ആധാരം ഉടമകളുടേതായി രേഖപ്പെടുത്തി പ്രശ്നം പരിഹരിക്കാൻ ധാരണ ആകുകയായിരുന്നു. 
ജാഗ്രതാസമിതി യോഗത്തിൽ ആറളം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെസ്സിമോൾ വാഴപ്പള്ളി, പഞ്ചായത്ത് അംഗങ്ങൾ, ആറളം റീസർവേ ക്യാംപ് ഓഫിസർ (ഹെഡ് സർവേയർ) കെ.സി. ഗംഗാധരൻ, ആറളം സ്പെഷ്യൽ വില്ലേജ് ഓഫിസർ പ്രകാശൻ, കമ്മിറ്റി അംഗം സർവേയർ വി.വി. ജോസഫ് വേകത്താനം എന്നിവർ സംസാരിച്ചു. റീ  സർവേ മൂലമുണ്ടായ  പ്രതിസന്ധി എത്രയും പെട്ടെന്ന്  പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കക്കുവ കർമ്മ  സമിതി ചെയർമാൻ കെ.ടി. ജോസ്, കൺവീനർ ജിമ്മി അന്തിനാട്ട് എന്നിവരുടെ നേതൃത്വത്തിൽ നേരത്തേ കലക്ടർക്കും സർവേ അധികൃതർക്കും നിവേദനം നൽകിയിരുന്നു.