എസ്എഫ്ഐ കരിങ്കൊടി കാണിച്ചു, റോഡിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച് ഗവർണർ; കൊല്ലത്ത് നാടകീയ രംഗങ്ങൾ

എസ്എഫ്ഐ കരിങ്കൊടി കാണിച്ചു, റോഡിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച് ഗവർണർ; കൊല്ലത്ത് നാടകീയ രംഗങ്ങൾകൊല്ലം നിലമേൽ ​​ഗവർണർക്ക് നേരെയുള്ള എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ റോഡരികിൽ ഇരുന്ന് പ്രതിഷേധിച്ച് ഗവർണർ. പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് കാറിൽ നിന്നിറങ്ങിയ ​ഗവർണർ ഇപ്പോഴും റോഡരികിൽ തന്നെ ഇരിക്കുന്നത് തുടരുകയാണ്. രാവിലെ 10.45 ന് തുടങ്ങിയ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്ന് ​ഗവർണർ ചോദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയുെടെ സെക്രട്ടറിയെ വിളിച്ച് ​പരാതിപ്പെട്ട ഗവർണർ പ്രധാനമന്ത്രിയെ വിളിക്കാനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ തല തല്ലിപ്പൊട്ടിക്കുന്നു. തനിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ നടപടിയില്ല എന്നും ഗവർണർ കുറ്റപ്പെടുത്തി. വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ തന്നെ തുടർന്നാണ് ​ഗവർണർ‌ പ്രതിഷേധിക്കുന്നത്.

പൊലീസിനോടും ​ഗവർണർ ക്ഷുഭിതനായി. പൊലീസ് സ്വയം നിയമം ലംഘിക്കുന്നുവെന്നും ​ഗവർണർ പൊലീസിനെ ശകാരിച്ചു. അൻപതോളം പ്രവർത്തകരുണ്ടായിരുന്നെന്ന് ​ഗവർണർ വ്യക്തമാക്കി. വരൂ എന്ന് പറഞ്ഞാണ് ​ഗവർണർ പ്രതിഷേധക്കാരുടെ ഇടയിലേക്ക് ഇറങ്ങിചെന്നത്. സംഭവത്തെ തുടർന്ന് കൂടുതൽ പൊലീസുകാർ നിലമേലിലേക്ക് എത്തിയിരിക്കുകയാണ്. പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ പരിശോധിച്ച് എല്ലാവരെയും അറസ്റ്റ് ചെയ്യാൻ ഡിജിപി നിർദ്ദേശം നൽകി. പ്രതിഷേധക്കാർക്കെതിരെ കേസെടുത്തിൻറെ എഫ്ഐആർ കാണിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെടുന്നത്.