'മോദിയുടെ ഗ്യാരന്റി പുതിയ കേരളം' എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം. സുരേന്ദ്രന്റെ പദയാത്രയുടെ കണ്ണൂരില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ആയിരത്തോളം പേര്‍ വിവിധ പാര്‍ടികളില്‍ നിന്നും ബി ജെ പിയിലേക്ക് ചേരുമെന്നും ഇവര്‍ക്ക് പരിപാടിയില്‍വെച്ചു അംഗത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
29ന് രാവിലെ ഏഴുമണിക്ക് പറശ്ശിനിക്കടവ് മുത്തപ്പന്‍ മഠപ്പുരയില്‍ കെ സുരേന്ദ്രന്‍ ദര്‍ശനം നടത്തും. തുടര്‍ന്ന് ഒന്‍പത് മണിക്ക് തയ്യിലുള്ള മീന്‍പിടുത്ത തൊഴിലാളി കുടുംബാംഗങ്ങളുടെ കൂടെ പ്രഭാതഭക്ഷണം കഴിക്കും. 9.30 ന് പള്ളിക്കുന്ന് കേന്ദ്രസര്‍കാരിന്റെ വിവിധ പദ്ധതികളിലെ ഗുണഭോക്തൃ സംഗമത്തില്‍ പങ്കെടുക്കും. 12 മണിക്ക് കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്‌കാരിക നേതാക്കളുടെ സ്‌നേഹസംഗമം പരിപാടിയില്‍ അദ്ദേഹം സംസാരിക്കും. പദയാത്രയുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം സംവദിക്കും.
പദയാത്രയോടനുബന്ധിച്ചുള്ള കള്‍ചറല്‍ പ്രോഗ്രാം ടൗണ്‍ സ്‌ക്വയറില്‍ രണ്ട് മണിക്കാരംഭിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പദയാത്ര ഒദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. പാര്‍ടിയില്‍ പുതുതായി ചേരുന്ന ആയിരത്തോളം പേര്‍ക്ക് ചടങ്ങില്‍ വെച്ച് അംഗത്വം നല്‍കും.
കേന്ദ്രസര്‍കാരിന്റെ വിവിധ വികസന-ജനക്ഷേമ പദ്ധതികളില്‍ അംഗമാവാനുള്ള അവസരം കേരള പദയാത്രയില്‍ ഒരുക്കും. അതിന് വേണ്ടി പ്രത്യേകം സജ്ജമാക്കിയ ഹെല്‍പ് ഡെസ്‌കുകളുണ്ടാവും. കേന്ദ്രസര്‍കാരിന്റെ നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന ടാബ്ലോ, കലാരൂപങ്ങള്‍ എന്നിവ പദയാത്രയില്‍ പ്രദര്‍ശിപ്പിക്കും.
കാല്‍ടെക്‌സ്, താവക്കര, പ്ലാസ ജന്‍ക്ഷന്‍, റെയില്‍വേ സ്റ്റേഷന്‍ റോഡ്, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്‍ഡ്, തെക്കി ബസാര്‍ വഴി പുതിയതെരുവില്‍ സമാപിക്കും. പദയാത്രയില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള പതിനായിരക്കണക്കിന് ആളുകള്‍ അണിചേരും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ 14 സംഘടന മണ്ഡലങ്ങളില്‍ നിന്നായി ബിജെപിയുടെ നേതാക്കളും പുറമെ സഖ്യ കക്ഷികളുടെ നേതാക്കളും പദയാത്രയില്‍ അണിനിരക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ സി രഘുനാഥ്, ലോക്‌സഭാ മണ്ഡലം കണ്‍വീനര്‍ ബിജു ഏളക്കുഴി, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പദയാത്ര സംഘാടക സമിതി ജെനറല്‍ കണ്‍വീനറുമായ കെ കെ വിനോദ് കുമാര്‍, ജില്ല ജെനറല്‍ സെക്രടറി എം ആര്‍ സുരേഷ്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, ജില്ലാ പ്രസിഡന്റ് കെ വി അജി, എന്നിവര്‍ പങ്കെടുത്തു.