ഇന്ത്യക്കാർക്ക് തിരിച്ചടിയായേക്കും; തൊഴിലാളികളിൽ വ്യത്യസ്തരാജ്യക്കാർ വേണമെന്ന് യു.എ.ഇ.

ഇന്ത്യക്കാർക്ക് തിരിച്ചടിയായേക്കും; തൊഴിലാളികളിൽ വ്യത്യസ്തരാജ്യക്കാർ വേണമെന്ന് യു.എ.ഇ.

ദുബായ്: യു.എ.ഇ.യിലെ സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം കൂടുതലാണെങ്കിൽ അതേ രാജ്യക്കാർക്ക് അവിടേക്ക് പുതിയ തൊഴിൽവിസ ലഭിക്കില്ല. വ്യത്യസ്തരാജ്യക്കാർക്ക് നിയമനം നൽകണമെന്ന നിയമം യു.എ.ഇ. കർശനമാക്കുന്നു. സ്ഥാപനങ്ങളുടെ നിലവിലെ വിസാ ക്വാട്ടയുടെ ആദ്യ 20 ശതമാനമെങ്കിലും വ്യത്യസ്തരാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് നൽകണമെന്നാണ് വിസാ സേവനദാതാക്കൾക്ക് ലഭിച്ച അറിയിപ്പിൽ പറയുന്നത്. എന്നാൽ, ഫ്രീസോൺ കമ്പനികൾ, ഗാർഹികത്തൊഴിലാളികൾ, നിക്ഷേപകർ, പാർട്ണർ വിസയിലുള്ളവർ എന്നിവർക്ക് ഇത് ബാധകമല്ല.

വിവിധമേഖലകളിൽനിന്ന് വരുന്ന ആളുകൾക്ക് സൗകര്യമൊരുക്കുക എന്നതാണ് യു.എ.ഇ. ലക്ഷ്യമിടുന്നത്. ജോലിക്ക് അപേക്ഷിക്കുമ്പോൾ കമ്പനികളിൽ ക്വാട്ട ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് വിസാ സേവനദാതാവായ ടി.എം.ജി ഗ്ലോബലിന്റെ ചെയർമാൻ തമീം അബൂബക്കർ പറഞ്ഞു.

നിലവിൽ പല വൻകിട കമ്പനികളും ആവശ്യമായ ക്വാട്ട പാലിച്ചുവരുന്നുണ്ട്. എന്നാൽ, ചെറുകിട കമ്പനികളിൽ ഇന്ത്യക്കാർ കൂടുതലും മറ്റു രാജ്യക്കാർ വളരെ കുറവുമായാണ് കണ്ടുവരുന്നത്. അതിനിടെ, ഇന്ത്യക്കാർക്ക് യു.എ.ഇ. വിസ നിർത്തലാക്കി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് വിസാ സേവനദാതാക്കൾ പറഞ്ഞു.

നിശ്ചിത ക്വാട്ട പാലിക്കണമെന്ന നിയമം എല്ലാ സ്ഥാപനങ്ങളിലും പ്രാബല്യത്തിലായാൽ ഇന്ത്യക്കാർക്ക് പുതിയ തൊഴിൽവിസ ലഭിക്കൽ വെല്ലുവിളിയാകുമെന്നാണ് സൂചന. കാരണം യു. എ.ഇ.യിലെ സ്ഥാപനങ്ങളിൽ ഏറെയും ഇന്ത്യൻജീവനക്കാരാണ്. അതിനുപിന്നിലായി പാകിസ്താൻ, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നുള്ളവരും. ഇന്ത്യക്കാർ ഏറെയുള്ള സ്ഥാപനങ്ങൾ തൊഴിൽവിസയ്ക്ക് അപേക്ഷിക്കുമ്പോൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ കാണുന്നത് നിയമനങ്ങളിൽ തുല്യത പാലിക്കണമെന്ന മുന്നറിയിപ്പാണ്. നിയമനം കുറയാനോ വൈകാനോ സാധ്യതയുള്ളതിനാൽ പുതിയ ജോലിക്കും ജോലിമാറ്റത്തിനും ശ്രമിക്കുന്നവർ ശ്രദ്ധിക്കണമെന്ന് വിസ സേവനരംഗത്തുള്ളവർ പറയുന്നു. വിസാനിയന്ത്രണം സംബന്ധിച്ച തൊഴിൽമന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.