മകളുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള അധിക്ഷേപങ്ങളിൽ പ്രതികരിച്ച് സുരേഷ് ​ഗോപി. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മകൾ ധരിച്ചിരുന്ന ആഭരണങ്ങളെല്ലാം അവളുടെ അമ്മയുടെയും മുത്തശ്ശിമാരുടെയും സമ്മാനമാണ്. കൃത്യമായി ടാക്സും ജിഎസ്ടിയും അടക്കമുള്ള എല്ലാ ഡ്യൂട്ടികളും അടച്ച് വാങ്ങിയവയാണ് എല്ലാം തന്നെ. ചെന്നൈയിൽ നിന്നും ഹൈദരാബാദിൽ നിന്നും എത്തിയവരാണ് ആഭരണങ്ങൾ ഡിസൈൻ ചെയ്തത്. ഒരെണ്ണം മാത്രം ഭീമാ ജ്വല്ലറിയിൽ നിന്നും വാങ്ങിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്നെയും തന്റെ കുടുംബത്തേയും തകർക്കാൻ ശ്രമിക്കരുതെന്നും ഇത് അവസാനിപ്പിക്കണമെന്നും അ​ദ്ദേ​ഹം പോസ്റ്റിൽ പറഞ്ഞു. ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും ഭദ്രമാക്കാനും ശ്രമിക്കുന്ന ഒരു സാധാരണ ഹൃദയമാണ് തന്റേതെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസമാണ് സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹം കഴിഞ്ഞത്. ​ഗുരുവായൂരിൽ നടന്ന വിവാഹത്തിൽ പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. ആദ്യം മുതൽ തന്നെ വിവാഹത്തിന് നേരെ ഇടത് സൈബർ ഹാൻഡിലുകൾ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മകളുടെ ആഭരണങ്ങൾക്ക് ടാക്സ് അടച്ചിട്ടില്ലെന്നുള്ള പുതിയ അധിക്ഷേപം ഉയരുന്നത്.