ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസ്; മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, കോടതിയിൽ ഹാജരാക്കും

ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസ്; മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, കോടതിയിൽ ഹാജരാക്കുംപ്രൊഫസർ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സവാദിനെ എൻഐഎ ഇന്ന് കൊച്ചി കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്നാണ് വിവരം.

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 13 വർഷമായി ഒളിവിലായിരുന്ന ഒന്നാം പ്രതിയായ സവാദിനെ (38) കണ്ണൂരിൽ നിന്നാണ് കഴിഞ്ഞ മാസം എൻഐഎ അറസ്റ്റ് ചെയ്തത്. സവാദിനെ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ കുറ്റപത്രം എൻഐഎ ഉടൻ കോടതിയിൽ സമർപ്പിക്കും.

2010 ജൂലൈ നാലിനായിരുന്നു തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ടിജെ ജോസഫിന്റെ കൈ മതനിന്ദ ആരോപിച്ച് വെട്ടിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു സവാദ്. കേസിലെ ഒന്നാം പ്രതിയായ സവാദിനായി പാക്കിസ്ഥാൻ, ദുബായ്, അഫ്​ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ അന്വേഷണം നടത്തിയിരുന്നു. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ തുക പ്രഖ്യാപിച്ചിരുന്നു. അതേസമയം കേസിലെ മറ്റു പ്രതികളായ സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെ ഇതിനോടകം എൻഐഎ കോടതി ശിക്ഷിച്ചിരുന്നു.