സിം കാര്‍ഡോ ഇന്റര്‍നെറ്റോ ഇല്ലാതെ മൊബൈലില്‍ വിഡിയോ കാണാം


സിം കാര്‍ഡോ ഇന്റര്‍നെറ്റോ ഇല്ലാതെ മൊബൈലില്‍ വിഡിയോ കാണാം

സിം കാര്‍ഡോ ഇന്റര്‍നെറ്റോ ഇല്ലാതെ മൊബൈലില്‍ വിഡിയോ കാണാനാവുന്ന സാങ്കേതിക വിദ്യ ഒരുങ്ങുന്നു. ടിവി ചാനലുകള്‍ ആസ്വദിക്കുന്നത് പോലെ മൊബൈല്‍ ഫോണില്‍ ടിവി ചാനലുകള്‍ ആസ്വദിക്കാന്‍ കഴിയുന്ന ഡയറക്റ്റ്ടുമൊബൈല്‍ ബ്രോഡ്കാസ്റ്റിങ്ങാണ് യാഥാര്‍ഥ്യമാക്കാനുദ്ദേശിക്കുന്നതെന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി പറയുന്നത്. നിലവില്‍ ഇവ പരീക്ഷണ ഘട്ടത്തിലാണ്.

സാംഖ്യ ലാബ്‌സ് എന്ന വയര്‍ലെസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് സെമികണ്ടക്ടര്‍ സൊല്യൂഷന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പൈലറ്റ് പ്രൊജക്ട് ആരംഭിക്കുക. സാംഖ്യ ലാബ്‌സും ഐഐടി കാണ്‍പൂരും ചേര്‍ന്നാണ് ഡിടുഎം ബ്രോഡ്കാസ്റ്റിങ് സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. ഒരു ബില്യണിലധികം മൊബൈല്‍ ഉപകരണങ്ങളിലേക്ക് എത്താന്‍ ഈ സാങ്കേതികവിദ്യയ്ക്ക് കഴിവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൊബൈല്‍ യൂണികാസ്റ്റ് നെറ്റ് വര്‍ക്കുകളുമായി സംയോജിച്ച് വണ്‍ടുഇന്‍ഫിനൈറ്റ് ആര്‍ക്കിടെക്ചര്‍ പ്രയോജനപ്പെടുത്തി ലീനിയര്‍, ഒടിടി വിഡിയോ സേവനങ്ങള്‍ നല്‍കാന്‍ സാംഖ്യയുടെ ബ്രോഡ്കാസ്റ്റിംഗ് സൊല്യൂഷന്‍ ‘സ്മാര്‍ട്ട്’ പൈപ്പുകള്‍ ഉപയോഗിക്കും. സ്മാര്‍ട്‌ഫോണില്‍ അധികമായി ചിപ്പുകളോ ഡോംഗിളോ ചേര്‍ക്കേണ്ടി വരും. തുടക്കത്തില്‍ ഫോണുകളില്‍ വിഡിയോകള്‍ ലഭിക്കുന്ന ഡോംഗിളുകള്‍ വിപണിയിലേക്കെത്തിയേക്കുമെന്നും സൂചനയുണ്ട്.