ജനപക്ഷം പിരിച്ചുവിട്ട് പി.സി.ജോര്‍ജ്ജ് ബിജെപിയിലേക്ക് ​? ; കേന്ദ്രനേതൃത്വവുമായി ഇന്ന് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും

ജനപക്ഷം പിരിച്ചുവിട്ട് പി.സി.ജോര്‍ജ്ജ് ബിജെപിയിലേക്ക് ​? ; കേന്ദ്രനേതൃത്വവുമായി ഇന്ന് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും



കോട്ടയം: മുന്‍ പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം പാര്‍ട്ടി തലവനുമായ പി.സി. ജോര്‍ജ്ജ് ബിജെപി സ്ഥാനാര്‍ത്ഥിയായി പത്തനംതിട്ടയില്‍ മത്സരിച്ചേക്കാന്‍ സാധ്യത. ഇതിനായി പി.സി.ജോര്‍ജ്ജ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനപക്ഷം ബിജെപിയില്‍ ലയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കഴിഞ്ഞ കുറേനാളായി എന്‍ഡിഎയ്ക്ക് ഒപ്പം പോകുന്ന ജനപക്ഷം ബിജെപിയുടെ ഭാഗമായേക്കും എന്നാണ് വിവരം. ബിജെപി കേന്ദ്രനേതൃത്വവുമായി പി.സി.ജോര്‍ജ്ജ് ഇന്ന് ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തേ ഇടതുമുന്നണിയിലും യുഡിഎഫിലും മാറിമാറി ഭാഗഭാക്കായിരുന്ന പി.സി.ജോര്‍ജ്ജിന്റെ പാര്‍ട്ടിയെ കഴിഞ്ഞ കുറേനാളായി രണ്ടു മുന്നണികളും സ്വീകരിക്കാത്ത സാഹചര്യമുണ്ടായിരുന്നു. തുടര്‍ന്നാണ് എന്‍ഡിഎയുടെ ഭാഗമായി ജനപക്ഷം പാര്‍ട്ടിയുമായി പി.സി.ജോര്‍ജ്ജ് മുമ്പോട്ട് പോയത്. എന്നാല്‍ മുന്നണിയില്‍ ജനപക്ഷവുമായി നില്‍ക്കുന്നതിലെ വിശ്വാസ്യതയെ ബിജെപിയിലെ സംസ്ഥാനനേതാക്കള്‍ ചോദ്യം ചെയ്യുകയും പി.സി.ജോര്‍ജ്ജ് ബിജെപിയില്‍ അംഗത്വം എടുക്കണമെന്ന നിലപാട് കന്ദ്രനേതൃത്വത്തിന് കൈമാറുകയും ചെയ്തതായിട്ടാണ് വിവരം.

സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ജനപക്ഷത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തതോടെ ബിജെപിയില്‍ ചേരാന്‍ പി.സി. ജോര്‍ജ്ജിന് സമ്മര്‍ദ്ദം ഉണ്ടാകുകയുമായിരുന്നു. ഇതോടെ തന്റെ പാര്‍ട്ടിയായ ജനപക്ഷം പിരിച്ചുവിട്ട് ബിജെപിയില്‍ ചേരാന്‍ നിര്‍ബ്ബന്ധിതനായതായി ഏഷ്യാനെറ്റ് പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ബിജെപി നേതാക്കളുമായി പി.സി.ജോര്‍ജ്ജും മകന്‍ ഷോണ്‍ജോര്‍ജ്ജും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയേക്കും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിക്കാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്. അതേ സമയം ഇക്കാര്യത്തില്‍ പി.സി.ജോര്‍ജ്ജോ ജനപക്ഷം പാര്‍ട്ടിയോ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല.