ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലായി ശ്യാമരത്‌നനീലി, ചീനപ്പൊട്ടൽ എന്നീ രണ്ടിനം ചിത്ര ശലഭങ്ങളെക്കൂടി കണ്ടെത്തി

ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലായി ശ്യാമരത്‌നനീലി, ചീനപ്പൊട്ടൽ എന്നീ രണ്ടിനം ചിത്ര ശലഭങ്ങളെക്കൂടി കണ്ടെത്തി


ഇരിട്ടി: ആറളം , കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നടത്തിയ വാർഷിക ചിത്ര ശലഭ സർവ്വെയിൽ രണ്ടിന് പുതിയ ശലഭങ്ങളെക്കൂടി മേഖലയിൽ പുതുതായി കണ്ടെത്തി. ശ്യാമരത്‌നനീലി, ചീനപ്പൊട്ടൽ എന്നീ ശലഭങ്ങളെയാണ് പുതുതായി കണ്ടെത്തിയത്. ഇതോടെ മേഖലയിൽ 266 ഇനം ശലഭങ്ങൾ വനത്തിനുള്ളിൽ നിരീക്ഷിച്ചു. മൂന്ന് ദിവസമായി നടന്ന സർവ്വെയിൽ അപൂർവ്വ ശലഭങ്ങളായ ഗോമേതകശലഭം, നീല നവാബ്, ചിത്രാംഗദൻ എന്നിവയുടെ മുട്ടയിടൽ നിരീക്ഷിച്ചു. ആറളത്തെ സഞ്ചാരികളെ ഏറെയാകർഷിക്കാറുള്ള ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനവും ചെളിയൂറ്റൽ കൂട്ടംചേരലും ഈ സർവ്വേയിൽ പതിവിലും കുറവായിരുന്നു. ചീങ്കണ്ണിപ്പുഴയോരത്തെ മണൽ തിട്ടകളുടെ ശോഷണം ദേശാടന ശലഭങ്ങൾക്കാവശ്യമായ ലവണങ്ങളുടെ ലഭ്യതയെ ബാധിക്കുന്നതിനെക്കുറിച്ച് സർവ്വേയിൽ പങ്കെടുത്ത ശലഭനിരീക്ഷകർ ആശങ്ക പങ്കുവെച്ചു. 
ആറളം വന്യജീവി  സങ്കേതം  അസി. വൈൽഡ്‌ലൈഫ് വാർഡൻ പി. പ്രസാദിന്റെ അധ്യക്ഷതയിൽ  വൈൽഡ്‌ലൈഫ് വാർഡൻ ജി. പ്രദീപ് സർവ്വെ ഉദ്ഘാടനം ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. രാജു , എം.എ. യദുമോൻ, പ്രശസ്ത ശലഭ നിരീക്ഷകരായ  വി.സി. ബാലകൃഷ്ണൻ , സമ്മിലൻ ഷെട്ടി എന്നിവർ  സംസാരിച്ചു. ശലഭ നിരീക്ഷകരായ പി.കെ. ഗിരീഷ് മോഹൻ, വി.സി. ബാലകൃഷ്ണൻ, വി.കെ. ചന്ദ്രശേഖരൻ എന്നിവർ  ക്ലാസെടുത്തു. മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരത്തോടെ നടത്തിയ സർവ്വേയിൽ കേരളത്തിനകത്തും പുറത്തു നിന്നുമായി 60 ഓളം ചിത്രശലഭ നിരീക്ഷകർ പങ്കെടുത്തു.