ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണം; വിവാദത്തിനിടെ ഇന്ത്യന്‍ സര്‍ക്കാരിനോട് മാലദ്വീപ്

ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണം; വിവാദത്തിനിടെ ഇന്ത്യന്‍ സര്‍ക്കാരിനോട് മാലദ്വീപ്
ഡല്‍ഹി: ഇന്ത്യന്‍ സര്‍ക്കാര്‍ മാലദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടു. മാര്‍ച്ച് 15 ന് മുമ്പ് സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിയുടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ നടപടി.

മാലദ്വീപിലെ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യയോട് ഔദ്യോഗികമായി അഭ്യര്‍ഥിച്ചെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2023 നവംബറില്‍, ഇന്ത്യയുമായുള്ള ബന്ധം വെട്ടിച്ചുരുക്കുന്നതിനും ചൈനയുമായുള്ള നയതന്ത്ര ബന്ധം വര്‍ധിപ്പിക്കുന്നതിനും മാലദ്വീപിന്റെ പ്രസിഡന്റ് മുയിസു ശ്രമിച്ചിരുന്നു.

മാലദ്വീപ് മുന്‍ ഗവണ്‍മെന്റിന്റെ അഭ്യര്‍ഥന പ്രകാരം വര്‍ഷങ്ങളായി മാലദ്വീപില്‍ ഇന്ത്യന്‍ സൈനികരുടെ സാന്നിധ്യം ഉണ്ടായിരുന്നു. സമുദ്ര സുരക്ഷയ്‌ക്കും ദുരന്ത നിവാരണ സഹായത്തിനുമായിരുന്നു ഇന്ത്യന്‍ സൈനിക സഹായം മാലദ്വീപ് തേടിയത്. മാലദ്വീപ് ജനങ്ങളുടെ ജനാധിപത്യപരമായ ആവശ്യത്തെ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാലദ്വീപ് അറിയിച്ചു.