പ്രതിപക്ഷത്തെ ജീവനക്കാര്‍ നാളെ പണിമുടക്കും ; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു സര്‍ക്കാര്‍

പ്രതിപക്ഷത്തെ ജീവനക്കാര്‍ നാളെ പണിമുടക്കും ; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു സര്‍ക്കാര്‍



തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ചു സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ പണിമുടക്കും. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണു പണിമുടക്ക്. അതേസമയം, സൂചനാപണിമുടക്കിനെതിരേ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. ആറു ഗഡു (18%) ഡിഎ അനുവദിക്കുക, ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, മെഡിസെപ് അപാകതകള്‍ പരിഹരിക്കുക, വിലക്കയറ്റം തടയുക, പന്ത്രണ്ടാം ശമ്പള കമ്മിഷനെ നിയമിക്കുക, സെക്രട്ടേറിയറ്റ് സര്‍വീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. 33 മാസമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നയാ െപെസയുടെ ആനുകൂല്യം എല്‍.ഡി.എഫ്. സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നു സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു.

ജീവനക്കാര്‍ക്ക് ഡി.എ അനുവദിച്ചിട്ട് മൂന്നു വര്‍ഷമായി. നാലു മാസത്തെശമ്പളത്തിന് തുല്യമായ ലീവ് സറണ്ടര്‍ തുക ജീവനക്കാര്‍ക്ക് നഷ്ടപ്പെട്ടു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്നവര്‍ അതെങ്ങനെ ഊട്ടിയുറപ്പിക്കാമെന്ന ഗവേഷണത്തിലാണെന്നും സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എം.എസ്. ഇര്‍ഷാദ് പറഞ്ഞു.

എന്നാല്‍, പണിമുടക്കില്‍ പങ്കെടുത്താല്‍ ആ ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തില്‍ വെട്ടിക്കുറയ്ക്കുമെന്നു വ്യക്തമാക്കി പൊതുഭരണവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ജീവനക്കാര്‍ക്കോ ഉറ്റബന്ധുക്കള്‍ക്കോ (ഭാര്യ/ഭര്‍ത്താവ്/മക്കള്‍/മാതാപിതാക്കള്‍) അസുഖം, ജീവനക്കാരുടെ പരീക്ഷാസംബന്ധമായ ആവശ്യം, ജീവനക്കാരിയുടെ പ്രസവാവശ്യം തുടങ്ങി അടിയന്തരസാഹചര്യങ്ങളിലൊഴികെ നാളെ അവധി അനുവദിക്കില്ല.

ചികിത്സാവധിക്ക് അപേക്ഷിക്കുന്നവര്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റിന്റെ സാധുതയില്‍ സംശയം തോന്നിയാല്‍ മെഡിക്കല്‍ ബോര്‍ഡ് മുമ്പാകെ ഹാജരാകേണ്ടിവരും. അവധി സമരത്തില്‍ പങ്കെടുക്കാനാണെന്ന ഉത്തമവിശ്വാസം മേലധികാരിക്കുണ്ടെങ്കില്‍ അപേക്ഷ നിരസിക്കാം. അവധി അനുവദിച്ചതിന്റെ ന്യായീകരണം മേലധികാരി വകുപ്പ് മേധാവിയെ അറിയിക്കണം.

അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും. പണിമുടക്കുദിവസം അനുമതിയില്ലാതെ ഹാജരാകാത്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്നും ഉത്തരവിലുണ്ട്.