ആലപ്പുഴ: നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴയിൽ വഴിയോരത്തുനിന്നു മുദ്രാവാക്യം വിളിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ്. ഗൺമാൻ അനിൽകുമാർ, സുരക്ഷാ സേനയിലെ എസ്.സന്ദീപ് എന്നിവർക്കാണ് ആലപ്പുഴ സൗത്ത് പൊലീസ് തിങ്കളാഴ്ച ഹാജരാകാൻ നോട്ടിസ് നൽകിയത്. കേസിൽ അനിൽകുമാർ ഒന്നാം പ്രതിയും സന്ദീപ് രണ്ടാം പ്രതിയുമാണ്.

നേരത്തേ, കോടതി നിർദേശപ്രകാരമാണ് ഇരുവർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തത്. കേസെടുത്തിട്ടും ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാത്തതിൽ പൊലീസിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു. ഡിസംബർ 15നു വൈകിട്ടു 4 മണിക്ക്, നവകേരള സദസ് വാഹനങ്ങൾ പോകുമ്പോൾ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച പരാതിക്കാരായ അജയ് ജ്യുവൽ കുര്യാക്കോസിനെയും എ.ഡി.തോമസിനെയും പൊലീസ് തടഞ്ഞു പിന്നിലേക്കു മാറ്റിയെന്നും തുടർന്നാണു പ്രതികൾ മർദിച്ചതെന്നും എഫ്ഐആറിൽ പറയുന്നു. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം പോയതിനു പിന്നാലെ എത്തിയ അകമ്പടി വാഹനത്തിൽനിന്നു പുറത്തിറങ്ങിയ അനിൽ കുമാർ ജനറൽ ആശുപത്രി ജംക്‌ഷനിലെ ട്രാഫിക് സിഗ്നലിനു സമീപത്തുവച്ച് അജയിനെയും തോമസിനെയും അസഭ്യം പറഞ്ഞും ലാത്തികൊണ്ട് അടിച്ചു പരുക്കേൽപിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്