തിരുവനന്തപുരം: എക്സാലോജിക്കിനെതിരായ ബെംഗളൂരുവിലെ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിൽ കുരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടുമായി ബന്ധപ്പെട്ട ആർഒസി റിപ്പോർട്ടിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ പരാമർശമുള്ളത്. സിഎംആർഎല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെഎസ്‌ഐഡിസിയെയും മുഖ്യമന്ത്രി പിണറായി വിജയനാണ് നിയന്ത്രിക്കുന്നത്. തത്പര്യ കക്ഷി ഇടപാടാണ് സോഫ്‌റ്റ്വെയർ കമ്പനിയായ എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ളത്. ഈ ഇടപാടിനെ പറ്റി വെളിപ്പെടുത്താത്തത് നിയമലംഘനമാണെന്നും ആർഒസി റിപ്പോർട്ടിൽ പറയുന്നു.

ആർഒസി ചില വിവരങ്ങളും വിശദാംശങ്ങളും എക്‌സാലോജിക്കിനോടും സിഎംആർഎല്ലിനോടും തേടിയിരുന്നു. എന്നാൽ അന്ന് വിവരങ്ങൾ നൽകാൻ എക്‌സാലോജികും ഉടമയായ വീണാ വിജയനും സാധിച്ചില്ല. ചോദിച്ച വിവരങ്ങളും രേഖകളും നൽകാൻ തയ്യാറായില്ലെന്നും ജിഎസ്ടി അടച്ച രേഖമാത്രമാണ് നൽകിയതെന്നും ആർഒസിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഇത് സിഎംആർഎൽ മറച്ചുവെച്ചെന്നും റിലേറ്റഡ് പാർട്ടിയായ എക്‌സാലോജിക്കുമായുള്ള ഇടപാട് അറിയിച്ചില്ലെന്നും ആർഒസി റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ആർഒസിയുടെ പ്രാഥമികാന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനാലാണ് കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം വിശദ അന്വേഷണത്തിന് ഉത്തരവിട്ടത്. ആദായനികുതി ഇൻറ്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലെ റിപ്പോർട്ട് ശരിയെന്ന് വയ്‌ക്കുന്നതാണ് ആർഒസി റിപ്പോർട്ടും. ആരോപണവുമായി ബന്ധപ്പെട്ട് വീണയുടെ പേര് നേരത്തെ പലതവണ ഉയർന്നുവന്നിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ പേര് ഇതുവരെ പരാമർശിക്കപ്പട്ടിരുന്നില്ല. ഇപ്പോൾ മുഖ്യമന്ത്രിയുടെ പേര് റിപ്പോർട്ടിൽ വന്നതോടെ സർക്കാരും സിപിഎമ്മും പ്രതിരോധത്തിലായിരിക്കുകയാണ്