കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാരുമായി യോജിച്ച് സമരത്തിനില്ല; മുഖ്യമന്ത്രിയുടെ ക്ഷണം തള്ളി യുഡിഎഫ്

കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാരുമായി യോജിച്ച് സമരത്തിനില്ല; മുഖ്യമന്ത്രിയുടെ ക്ഷണം തള്ളി യുഡിഎഫ്


തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷം. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ ഫെബ്രുവരി എട്ടിന് ദില്ലിയില്‍ നടത്തുന്ന സമരത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് തള്ളി. തീരുമാനം മുഖ്യമന്ത്രിയെ ഔദ്യോഗികമായി അറിയിക്കുമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.

ഇന്ത്യാ സഖ്യത്തിലെ കക്ഷികളെയും  സമാന ചിന്താഗതിയുള്ള മറ്റ് സംസ്ഥാന നേതൃത്വങ്ങളെയും അണിനിരത്തി വിപുലമായ പ്രക്ഷോഭത്തിനാണ്  സിപിഎം ഒരുങ്ങുന്നത്. മോദി സർക്കാരിന്റെ ദില്ലിയിൽ സമരം നയിക്കുക പിണറായി വിജയനാണ്. ജന്തർ മന്തറിലെ സമരത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും സമരത്തിൽ അണിനിരക്കും. ഇന്ത്യ മുന്നണിയിലെ കക്ഷി നേതാക്കൾക്കും സമര മുഖത്തേക്ക് ക്ഷണമുണ്ടാകും. ബിജെപിയുടേത് അടക്കം എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാർക്കും കേരളത്തിന്റെ നിലപാട് അറിയിച്ച് കത്തയക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ ഫെഡറിലിസം സംരക്ഷിക്കാനുള്ള സമരമെന്ന നിലക്കാണ് സിപിഎം ആലോചന.

കേന്ദ്രത്തിനെതിരായ കേരളത്തിൻ്റെ സമരം എന്ന ടാഗ് ലൈനിലാണ് ദില്ലി സമരത്തിൻ്റെ ആലോചന. പക്ഷെ സംസ്ഥാന സർക്കാറിനെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്തുന്നതിനിടെ ദില്ലി സമരത്തിൽ യുഡിഎഫ് അണിചേരില്ല. പ്രതിപക്ഷ നേതാക്കളെ മുഖ്യമന്ത്രി സമരത്തിലേക്ക് ക്ഷണിച്ചെങ്കിലും ദില്ലി സമരത്തിന് യുഡിഎഫ് കൈ കൊടുക്കുന്നില്ല. കേന്ദ്രത്തിൻ്റെ സാമ്പത്തിക നയത്തിൽ പ്രശ്നമുണ്ടെന്നും പ്രതിസന്ധിക്ക് കേരളത്തിനും ഉത്തരാവാദിത്വമുണ്ടെന്നായിരുന്നു ചർച്ചയിൽ പ്രതിപക്ഷ നേതാവ് നിലപാടെടുത്തത്.