‘ഒരു കല്യാണം കഴിക്കണം’; സഹായം ചോദിച്ച് യുവാവ് കത്തയച്ചത് പോലീസ് സ്റ്റേഷനിൽ!

‘ഒരു കല്യാണം കഴിക്കണം’; സഹായം ചോദിച്ച് യുവാവ് കത്തയച്ചത് പോലീസ് സ്റ്റേഷനിൽ!


കൊല്ലം കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ അടുത്തിടെ വിചിത്രമായൊരു പരാതിയെത്തി. പരാതി കിട്ടിയതോടെ ആകെ ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ് പോലീസുകാർ. ഇത് ഒരുപക്ഷെ രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമായിരിക്കും. (Man seeks help from Police to find a partner)

കൊല്ലം മണ്ണൂർ ഉണ്ണികുന്നിൽ അനിൽ ജോണാണ് പരാതിക്കാരൻ. അനിൽ സ്റ്റേഷനിലേക്ക് അയച്ച പരാതി തുടങ്ങുന്നതിങ്ങനെ, “സർ, പന്ത്രണ്ട് സെന്റ് ഭൂമിയും വീടും എനിക്കുണ്ട്. ഭിന്നശേഷിക്കാരനാണ്. നാട്ടുകാരോടും ബന്ധുക്കളൊടും പള്ളിക്കാരോടും പറഞ്ഞിട്ട് ഫലം ലഭിക്കാത്തതിനാലാണ് പോലീസിൽ പരാതി നൽകിയത്.”

അനിലിന്റെ മാതാപിതാക്കൾ മരണപ്പെട്ടു. കണ്ണിന് കാഴ്ച കുറവായ അദ്ദേഹം ഇപ്പോൾ തനിച്ചാണ് താമസം. തൊഴിലുറപ്പിന് പോയും, പത്രം വിറ്റും, ലോട്ടറി കച്ചവടം നടത്തിയുമാണ് അയാൾ ജീവിക്കുന്നത്. അമ്മയുടെയും അച്ഛന്റെയും കുടുംബക്കാരാരും തനിക്ക് തുണയായി ഇല്ലെന്നും വിവാഹം നടത്തിത്തരാൻ ആവശ്യപ്പെട്ടിട്ടും ആരും തന്നെ അതിന് മുൻകൈ എടുക്കുന്നുമില്ല എന്നതാണ് അനിലിന്റെ സങ്കടം. അങ്ങനെയാണ് പോലീസിനെ സമീപിക്കുന്നത്.


പോലീസുകാർക്കാകട്ടെ ഇത് ആദ്യത്തെ അനുഭവമാണ്. ഒരു അനാഥ കുട്ടി ആയാലും താൻ വിവാഹം ചെയ്യാം എന്ന് പറഞ്ഞ് ആദ്യമായാണ് ഒരാൾ നിയമപാലകരെ സമീപിക്കുന്നത്. പരാതി യാഥാർത്ഥമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെ വിവാഹം നടത്തുന്ന ബ്രോക്കർമാർ വഴി സഹായത്തിന് ശ്രമിക്കാം എന്നാണ് എസ്എച്ച്ഓ പറയുന്നത്. പോലീസിന്റെ സഹായത്താൽ തൻ്റെ വിവാഹം നടക്കും എന്ന പ്രതീക്ഷയിലാണ് 32-കാരനായ അനിൽ.