സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തി

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തി
തൃശൂർ: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെയോടെ ഗുരുവായൂരിലെത്തി. ക്ഷേത്രദര്‍ശനം നടത്തിയശേഷം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

വിവാഹത്തിന് ശേഷം ഹെലികോപ്റ്ററില്‍ തൃപ്രയാറിലെത്തുന്ന പ്രധാനമന്ത്രി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഉച്ചയോടെ കൊച്ചിയില്‍ മടങ്ങിയെത്തുന്ന പ്രധാനമന്ത്രി കൊച്ചി കപ്പല്‍ശാലയിലെ 4000 കോടിയുടെ മൂന്ന് വൻ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

കഴിഞ്ഞ ദിവസം വൈകിട്ട് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുള്‍പ്പടെയുള്ള സംഘം സ്വീകരിച്ചു. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തി. പിന്നീട് മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗവ. ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്റര്‍ റോഡ് ഷോ നടത്തി. പ്രധാനമന്ത്രിയെ വരവേല്‍ക്കാൻ ആയിരകണക്കിന് ആളുകളാണ് റോഡിന് ഇരുവശവും അണിനിരന്നത്.