വളര്‍ത്തു നായയെ കടുവ പിടിച്ചെന്ന് വീട്ടുകാര്‍; സ്ഥിരീകരിക്കാതെ വനം വകുപ്പ്, ആശങ്കയിൽ പൊട്ടന്തോട് നിവാസികൾ
ചുങ്കക്കുന്ന്: വളര്‍ത്തുനായയെ വന്യജീവി ആക്രമിച്ചു. പൊട്ടന്തോട് സ്വദേശി ഞാറക്കല്‍ ജോബിന്റെ വളര്‍ത്തു നായയെയാണ് ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വന്യജീവി പിടിച്ചത്. കടുവയാണ് പിടിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇത് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. കടുവയോ പുലിയോ ആകാമെന്നാണ് വനം വകുപ്പിന്റെ നിഗമനം.
പുലര്‍ച്ചെ പട്ടിയുടെ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുമ്പോള്‍ പട്ടിയെ കടുവ കടിച്ചു പിടിച്ചു നില്‍ക്കുന്നതാണ് കണ്ടെതെന്ന് ജോബ് പറഞ്ഞു. കല്ല് എടുത്ത് എറിഞ്ഞപ്പോള്‍ പട്ടിയെ ഉപേക്ഷിച്ച് കടുവ പോയി. കടുവ പിടിവിട്ടതോടെ പട്ടി ഓടി അടുത്തേക്ക് വന്നെന്നും കഴുത്തില്‍ ആഴത്തില്‍ മുറിവ് ഉണ്ടെന്നും ജോബ് പറഞ്ഞു. ദേഹത്ത് കറുത്ത വരയുളള മണ്ണിന്റെ നിറമുളള വലിയ ജീവിയെയാണ് കണ്ടതെന്നും ജോബ് പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി സ്ഥലത്ത് പരിശോധന നടത്തി. എന്നാല്‍ വന്യജീവിയുടെ കാല്പാടുകള് ഒന്നും കണ്ടെത്താനായിട്ടില്ല. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ പട്ടിക്ക് ചികിത്സ നല്കി.
കടുവയോ പുലിയോ പിടിക്കുമ്പോള്‍ ഉണ്ടാകുന്ന തരത്തിലുളള ആഴത്തിലുളള മുറിവാണ് പട്ടിയുടെ കഴുത്തിലുളളത്. എന്നാല്‍ കാല്പാടുകളോ മറ്റ് തെളിവുകളോ ലഭിക്കാത്തതിനാല്‍ കടുവയാണെന്ന് സ്ഥിരീകരിക്കാനാകില്ലെന്നുമാണ് വനം വകുപ്പ് ഉദ്യോസ്ഥര്‍ പറയുന്നത്. പൊട്ടന്തോട് ഭാഗത്ത് കടുവയുടെ സാന്നിധ്യം ഉളളതായും പട്ടിയെ പിടിച്ച വീടിന് അടുത്തളള വഴിയില്‍ പലസ്ഥലത്തും മഴക്കാലത്ത് കടുവയുടെ കാല്പാടുകള് കണ്ടിട്ടുളളതായും വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. വന്യജീവിയുടെ സാന്നിധ്യം ഉറപ്പിച്ചതോടെ പ്രദേശത്ത് രാത്രികാല പട്രോളിങ് നടത്താനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
മുമ്പും ജോബിന്റെ വീട്ടില്‍ നിന്ന് സമാനമായ രീതിയില്‍ പട്ടിയെ കാണ്ടിട്ടുണ്ട്. മൂന്ന് മാസം മുമ്പാണ് പട്ടിയെ കാണാതായത്. അന്നും പുലര്‍ച്ചെ മൂന്ന് മണിയോടെ പട്ടിയുടെ കരച്ചില് കേട്ടിരുന്നു. തുടര്‍ന്ന് പട്ടിയെ കാണാതാവുകയായിരുന്നു. ഇതിനെ വന്യജീവി പിടിച്ചതാണോയെന്ന് സംശയമുണ്ട്.
അതിരൂക്ഷമായ വന്യജീവി ശല്യമാണ് കൊട്ടിയൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉളളത്. നിരവധി പട്ടികളെയാണ് കാണാതായിട്ടുണ്ട് ഇതുവരെ. വന്യജീവി ശല്യം രൂക്ഷമായതോടെ നാ്ട്ടുകാരും വലിയ ആശങ്കയിലാണ്.