മതപരിവര്‍ത്തനം; യുപിയിൽ കത്തോലിക്ക പുരോഹിതൻ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ, നിരപരാധികളെന്ന് രൂപതാ നേതൃത്വം


മതപരിവര്‍ത്തനം; യുപിയിൽ കത്തോലിക്ക പുരോഹിതൻ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ, നിരപരാധികളെന്ന് രൂപതാ നേതൃത്വം


ലക്നൗ: ഉത്തര്‍പ്രദേശിൽ മതപരിവര്‍ത്തനം ആരോപിച്ച് കത്തോലിക്ക  പുരോഹിതൻ ഉൾപ്പെടെ 10 പേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച സംസ്ഥാന പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ നേതൃത്വത്തിൽ ആളുകളെ ക്രിസ്തുമതത്തിലേക്ക് മാറ്റുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ലക്നൗ അതിരൂപതയിൽ പ്രവര്‍ത്തിക്കുന്ന മംഗലാപുരം സ്വദേശിയായ ഫാദർ ഡൊമിനിറ് പിന്റുവാണ് അറസ്റ്റിലായ പുരോഹിതൻ.  അദ്ദേഹത്തിന് പുറമെ അഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരും പിടിയിലായവരിൽ ഉൾപ്പെടുന്നു. മതപരിവര്‍ത്തനം സംബന്ധിച്ച കേസിൽ 15 പേരെയാണ് പ്രതിചേർത്തിരിക്കുന്നതെന്നും പത്ത് പേര്‍ പിടിയിലായതായും പൊലീസ് അഡീഷണല്‍ സൂപ്രണ്ട് എസ്.എൻ സിൻഹ പറഞ്ഞു. ഛക്ക‍ർ ഗ്രാമത്തിൽ നിന്നായിരുന്നു അറസ്റ്റ്. ഇവിടെ ഗ്രാമീണരെ വലിയ തോതിൽ മതം മാറ്റുന്നതായി ആരോപിച്ച് വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് ബ്രിജേഷ് കുമാറാണ് തിങ്കളാഴ്ച പൊലീസിൽ പരാതി നല്‍കിയതെന്നും അധികൃതര്‍ പറഞ്ഞു. 

രൂപതാ പാസ്റ്ററൽ സെന്ററിൽ വെച്ച് മതപരിവര്‍ത്തന സമ്മേളനം നടന്നുവെന്നായിരുന്നു വി.എച്ച്.പി നേതാവിന്റെ പരാതിയിൽ ആരോപിച്ചിരുന്നത്. അതേസമയം ആരോപണം വാസ്തവ വിരുദ്ധമാണെന്ന് ലക്നൗ രൂപത ചാൻസലറും വക്താവുമായ ഫാദർ ഡൊണാൾഡ് ഡിസൂസ പറഞ്ഞു. ഫാദ‌ർ പിന്റോ പ്രാര്‍ത്ഥനാ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും പാസ്റ്ററർ സെന്ററിൽ നടന്ന പരിപാടിക്ക് സ്ഥലം നൽകുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

'ക്രിസ്ത് ഭക്തുകള്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളുകളാണ് പ്രർത്ഥനാ യോഗം സംഘടിച്ചത്. ഇവര്‍ ക്രിസ്തുമതത്തിലേക്ക് മാറിയവരല്ല, എന്നാൽ ക്രിസ്ത്യൻ ആശയങ്ങള്‍ പിന്തുടരുന്നവര്‍ മാത്രമാണ്. ഇവരുടെ യോഗങ്ങള്‍ക്കായി രൂപതയുടെ സെന്റര്‍ അനുവദിക്കാറുണ്ട്. ആരും മതം മാറ്റുകയോ മതം മാറാൻ പറയുകയോ ചെയ്യാതിരുന്നിട്ടും പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നും ഫാദർ ഡിസൂസ ആരോപിച്ചു.  അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന യുപിയിലെ മതപരിവര്‍ത്തനം നിരോധന നിയമ പ്രകാരമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.