കേരളാ ബജറ്റ് - പഴശ്ശി പദ്ധതിക്ക് 15 കോടി പഴശ്ശി സാഗറിന് 10 കോടി

കേരളാ ബജറ്റ് -  പഴശ്ശി പദ്ധതിക്ക് 15  കോടി 
പഴശ്ശി സാഗറിന് 10 കോടി


  ഇരിട്ടി: കഴിഞ്ഞ ദിവസം മെയിൻ കനാൽ വഴി 42.5 കിലോമീറ്റർ വെള്ളം എത്തിച്ച്  കരുത്ത് തെളിയിച്ച പഴശ്ശി പദ്ധതിയുടെ കനാലുകൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇന്നലെ കേരള നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ 15 കോടി രൂപ വകയിരുത്തി. 
 വർഷങ്ങൾക്ക് ശേഷം  മെയിൻകനാലിലൂടെ വെള്ളം ഒഴുക്കിയപ്പോൾ കണ്ടെത്തിയ പോരായ്മ്മകൾ പരിഹരിക്കുന്നതിനും മെയിൻ കനാലിൽ നിന്നും കൈക്കനാലുകളിലൂടെ വെളളം എത്തിച്ച്  569 ഹെക്ടർ പാടശേഖരങ്ങളിൽ  കൃഷി സാധ്യമാക്കുന്നതിനുമാണ് മുൻഗണന നൽകുക. 
മയ്യിൽ, കൊളച്ചേരി, കുറ്റിയാട്ടൂർ, നണിയൂർ, മാണിയൂർ മേഖലകളിലെ പാടശേഖരങ്ങളിലേക്ക് അടുത്ത വർഷം ആദ്യം വെള്ളം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആദ്യ പരിഗണയിലുള്ളത്. മാഹി ബ്രാഞ്ച് കനാലിൽ ഇത്തവണ വെള്ളമൊഴുക്കുന്ന 16 കിലോമീറ്റർ കഴിച്ച് ബാക്കി വരുന്ന ഏഴ് കിലോമീറ്റർ കൂടി നവീകരിക്കും. എടക്കാട് ബ്രാഞ്ച് കനാലിന്റെ 12 കിലോമീറ്ററും അഴീക്കൽ ബ്രാഞ്ച് കനാലിന്റെ 18 കിലോമീറ്ററും കാട്ടാമ്പള്ളി ബ്രാഞ്ച് കനാലിന്റെ 7.8 കിലോമീറ്ററും നവീകരിക്കാനുള്ള പ്രവർത്തനവും ഇതോടൊപ്പം നടത്തും.  അടുത്ത വർഷം ഡിസംബറോടെ പദ്ധതിയുടെ മുഴുവൻ കനാലുകളും ഉപകനാലുകളും യാഥാർത്ഥ്യമാക്കി വെളളം എത്തിക്കാനുള്ള ശ്രമമാണ് 15 കോടി കൊണ്ട് സാധ്യമാക്കുക.  
മേഖലയിലെ കൃഷി ഭൂമിയെ സംരക്ഷിക്കുന്നതിനൊപ്പം കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ഇതിലൂടെ സാധിക്കും.  27 പഞ്ചായത്തുകളിലും  ഏഴ് നഗരസഭകളിലും കണ്ണൂർ കോർപ്പറേഷന്റെ ചില ഭാഗങ്ങളിലും പഴശ്ശിയിൽ നിന്നുള്ള വെളളം എത്തുന്നുണ്ട്. കനലുകളിൽ വെള്ളം നിലനിർത്തുന്നതോടെ  കനാൽ കടന്നുപോകുന്ന ഭാഗങ്ങളിലെ  കൃഷിയിടങ്ങളും കിണറുകളും  റീച്ചാർച്ച് ചെയ്യപ്പെടുകയും ഭൂഗർഭ ജലനിരപ്പ് ഉയർന്നു നിൽക്കുകയും ചെയ്യും. എന്നാൽ ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും  പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കുന്നതിന് തടസ്സമായി നിൽക്കുകയാണ്. ഇതിനുകൂടി പ്രതിവിധി കണ്ടെത്തിയാൽ പഴശ്ശിയെ  ജില്ലയുടെ ജലസ്ത്രോതസ്സിന്റെ അക്ഷയഖനിയാക്കി മാറ്റാൻ കഴിയുമെന്നാണ്  ജലസേചജന വിഭാഗം അധികൃതർ പറയുന്നത്.  

അതേസമയം ജില്ലയിൽ വൻ വിജയം നേടിയ ജലവൈദ്യുത പദ്ധതിയായ ബാരാപോളിന് പിന്നാലെ പ്രവർത്തി പുരോഗമിക്കുന്ന  രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ പൂർത്തീകരണം ഉടൻ യാഥാർത്ഥ്യമാക്കുന്നതിനായി ബജറ്റിൽ പത്ത് കോടി കൂടി അനുവദിച്ചു. പഴശ്ശിയിൽ നിന്നും ടണൽ വഴി വെള്ളം എത്തിച്ചാണ് 7.5 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുക. ഇതിനായി മൂന്ന് ടണലുകളുടെ നിർമ്മാണം പൂർത്തികരിച്ചു.  ടണലുകളിൽ സ്റ്റീൽ ലൈനിങ് പ്രവൃത്തി പുരോഗമിക്കുകയാണ്. കരിങ്കൽ പ്രദേശമായതിനാൽ ടണൽ നിർമ്മാണം ദുഷ്‌ക്കരമായതാണ് മറ്റ് പ്രവർത്തനങ്ങൾ എല്ലാം വൈകിപ്പിച്ചത്. സ്‌ഫോടനം നടത്തി പാറപ്പൊട്ടിക്കുന്നതിനെതിരെ പ്രദേശവാസികളിൽ നിന്നും ഉണ്ടായ എതിർപ്പും  പ്രവർത്തനങ്ങളെ ബാധിച്ചു. ഇതെല്ലാം  പരിഹരിച്ചാണ് ടണലുകൾ നിർമ്മിച്ചത്. മഴക്കാലത്ത് പദ്ധതിയിലേക്ക് ഒഴുകിവരുന്ന വെള്ളത്തെ  ഷട്ടർ തുറന്ന് ഒഴുക്കിക്കളയുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. ഈ വെള്ളം  തടഞ്ഞുനിർത്തി ടണൽ വഴി കടത്തി വിട്ട് വൈദ്യുതി  ഉത്പ്പാദിപ്പിക്കുകതയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 113 കോടിയാണ് നിർമ്മാണ ചിലവ് കണക്കാക്കിയിരിക്കുന്നത്. പ്രാരംഭ പ്രവർത്തനങ്ങൾ വൈകിയതിനാൽ  ഈ വർഷം കമ്മീഷൻ ചെയ്യാനുദ്ദേശിച്ച പദ്ധതി അടുത്ത  വർഷം ഏപ്രിലിൽ നാടിന് സമർപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് കെഎസ്ഇബി(ജനറേഷൻ)  വിഭാഗം അധികൃതർ പറയുന്നു .