തൃപ്പൂണിത്തുറ സ്‌ഫോടനം: ഒരാള്‍ മരിച്ചു, 16 പേര്‍ക്ക് പരിക്ക്; പടക്കം സംഭരിച്ചത് അനധികൃതമായി

തൃപ്പൂണിത്തുറ സ്‌ഫോടനം: ഒരാള്‍ മരിച്ചു, 16 പേര്‍ക്ക് പരിക്ക്; പടക്കം സംഭരിച്ചത് അനധികൃതമായി


കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ചൂരക്കാട് പടക്കസംഭരണ ശാലയിലുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. ഉള്ളൂര്‍ സ്വദേശി അശോകന്റെ മകന്‍ വിഷ്ണു എന്നയാളാണ് മരിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ ആളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പതിനാറ് പേര്‍ക്കാണ് പരിക്കേറ്റത്. സ്‌ഫോടനത്തില്‍ കേടുപാടുകള്‍ പറ്റിയ സമീപത്തുള്ള വീടുകളിലെ സ്ത്രീകളും കുട്ടികളും അടക്കം ആറ് പേര്‍ തൃപ്പൂണിത്തുറ സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ള അഞ്ച് പേരെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
[IMG]
പടക്കം വാഹനത്തില്‍ നിന്ന് ഇറക്കി കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് സ്‌ഫോടനം. ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അഞ്ച് പേരാണ് ലോഡ് ഇറക്കി കൊണ്ടിരുന്നത്.

സ്‌ഫോടക വസ്തു സൂക്ഷിച്ച കെട്ടിടത്തിന്റെ സമീപത്തുള്ള 25 ഓളം വീടുകള്‍ക്ക് കേടുപാടുണ്ടായി. മൂന്ന് വീടുകള്‍ പൂര്‍ണ്ണമായൂം തകര്‍ന്നു. 10 വീടുകള്‍ക്ക് സാരമായ കേടുപാടുണ്ടായി. ഇവ ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ് വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം, സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് പോലീസിന്റെ അനുമതി ഉണ്ടായിരുന്നില്ലെന്ന് സൂചനയുണ്ട്. ജനവാസ മേഖല ആയതിനാല്‍ ഇവിടെ സൂക്ഷിക്കാന്‍ പോലീസ് അനുമതി നല്‍കിയിരുന്നില്ല. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് വെടിക്കെട്ടിനായി എത്തിച്ചതായിരുന്നു കരുമരുന്ന്.

പടക്കങ്ങള്‍ കൊണ്ടുവന്ന വാഹനവും സമീപത്തുണ്ടായിരുന്ന മറ്റൊരു കാറും പൂര്‍ണ്ണമായൂം കത്തിനശിച്ചു. പ്രദേശത്തെ മരങ്ങള്‍ വരെ കത്തി. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കടയില്‍ കൂടുതല്‍ ആളുകളുണ്ടോ എന്നറിയാന്‍ പോലീസും ഫയര്‍ ഫോഴ്സും പരിശോധന നടത്തുകയാണ്.