500 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

500 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ


കോഴിക്കോട്: 500 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. കോഴിക്കോട് പന്നിയങ്കര വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സി.കെ സാനു ആണ് ഇന്ന് വിജിലൻസിന്റെ പിടിയിലായത്.

കല്ലായിസ്വദേശിയായ പരാതിക്കാരന്റെ സുഹൃത്തിന് കേരള സർക്കാരിന്റെ “പുനർ ഗേഹം” പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീട് നിർമിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തിന്റെ ലൊക്കേഷൻ സ്കെച്ചിനു വേണ്ടി കഴിഞ്ഞ വ്യാഴാഴ്ച പന്നിയങ്കര വില്ലേജ് ഓഫീസിൽ അപേക്ഷ നൽകി. അന്നേ ദിവസം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സാനു സ്ഥല പരിശോധനക്കായി വരുകയും 500 രൂപ കൈക്കൂലി നൽകിയാലെ ലൊക്കേഷൻ സ്കെച്ച് നൽകുകയുള്ളുവെന്ന് അറിയിച്ചു.

തുടർന്ന് പരാതിക്കാരന്‍ ഈ വിവരം കോഴിക്കോട് വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഇ. സുനിൽ കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി. ഇന്ന് വൈകീട്ട് നാലോടെ പന്നിയങ്കര വില്ലേജ് ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്നും 500 രൂപ കൈക്കൂലിവാങ്ങവെ വിജിലൻസ് സംഘം കൈയോടെപിടികൂടുകയായിരുന്നു.