കാട്ട് തേനീച്ചക്കൂട്ടത്തിന്റെ അകമണത്തിൽ 6 പേർക്ക് പരിക്ക് ഒരാൾക്ക് ഗുരുതരം

കാട്ട് തേനീച്ചക്കൂട്ടത്തിന്റെ അകമണത്തിൽ  6 പേർക്ക് പരിക്ക് 
ഒരാൾക്ക് ഗുരുതരം


 
ഇരിട്ടി: ഇരിട്ടിയുടെ മലയോര മേഖലകളിൽ പായ് ത്തേനീച്ച എന്നി വിളിക്കുന്ന  കാട്ട് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം തുടരുന്നു. തിങ്കളാഴ്ച  കരിക്കോട്ടക്കരി വാളത്തോട് മലയിൽ ഉണ്ടായ തേനീച്ചക്കൂട്ടത്തിന്റെ അക്രമണത്തിൽ 6 പേർക്ക് പരിക്കേറ്റു. നിരവധി തേനീച്ചകളുടെ കുത്തേറ്റ് ചികിത്സയിലുള്ള  ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇതിനിടയിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷനേടാനായി ഇട്ട തീപ്പടർന്ന്  2 ഏക്കറോളം കൃഷിയിടം കത്തിനശിക്കുകയും ചെയ്തു.  ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന സുരക്ഷാ വസ്ത്രം ധരിച്ചാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. 
വാളത്തോടെ പുതിയാകുളങ്ങര ജോസ് (55), ഭാര്യ സാലി (50), പുത്തനറ ഗീത (50), റീന (40), സിൻ്റോ (35), ചെങ്ങലോട് അഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. ദേഘമാസകലം കുത്തേറ്റു സാരമായി പരുക്കേറ്റ ജോസിനെ കണ്ണൂർ എകെജി സഹരണ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സിൻ്റോയെ ഇരിട്ടി കീഴൂരിലെ സ്വകാര്യ ആശുപത്രിയിലും അഖിൽ ഒഴികെയുള്ള മറ്റുള്ളവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 
കൃഷിയിടത്തിൽ  ജോലി ചെയ്യുകയായിരുന്ന ഇവരെ പായ് തേനീച്ച കൂട്ടം ആക്രമിക്കുകയായിരുന്നു. കൂട്ടത്തോടെ ഈച്ചകൾ കുത്തിയതോടെ ഇവർ ചിതറി ഓടിയെങ്കിലും തളർന്ന്  വീണുപോവുകയായിരുന്നു. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന  പ്രവർത്തകരിൽ ഒരു വിഭാഗം തേനീച്ച കുത്തേറ്റവരെ ആംബുലൻസിൽ കയറ്റി ആശുപത്രികളിൽ എത്തിച്ചപ്പോൾ ഒരു സംഘം പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു. ഇരിട്ടി സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് പി.പി. രാജീവൻ, അസിസ്‌റ്റൻ്റ് സ്‌റ്റേഷൻ ഓഫിസർ എൻ.ജി. അശോകൻ, ഫയർ ആൻഡ് റെസ്ക്യൂ  ഓഫിസർമാരായ അനീഷ് മാത്യു, എൻ.ജെ. അനു, ആർ.പി.ബഞ്ചമിൻ, കെ. റോഷിത്ത്, ടി.ജെ.റോബിൻ, സിവിൽ ഡിഫൻസ് വാർഡൻ ഡോളമി കുര്യാച്ചൻ, ഹോം ഗാർഡുമാരായ സി. ചന്ദ്രൻ, പ്രസന്നകുമാർ, വി.രമേശൻ, എ. സദാനന്ദൻ, പി.പി. വിനോയ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ഒരാഴ്ചക്കിടയിൽ ഇത് മൂന്നാമത് ആക്രമണം 
ഒരാഴ്ചക്കിടയിൽ ഇരിട്ടി മേഖലയിൽ നടക്കുന്ന മൂന്നാമത്തെ പായ് ത്തേനീച്ച ആക്രമണമാണ് തിങ്കളാഴ്ച കരിക്കോട്ടക്കരി വാളത്തോട് മലയിൽ ഉണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ച മാടത്തിൽ കാലിക്കണ്ടത്തുണ്ടായ ആക്രമണത്തിൽ 2 പേർക്കും, ശനിയാഴ്ച പടിയൂർ കുയിലൂരിൽ ഉണ്ടായ ആക്രമണത്തിൽ 31 തൊഴിലുറപ്പ് തൊഴിലാളികൾക്കും പരിക്കേറ്റിരുന്നു. കൃഷിയിടങ്ങളിൽ തൊഴിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്കാണ് മരക്കൊമ്പുകളിലും മറ്റും കൂടുകൂട്ടുന്ന പായ് ത്തേനീച്ചകൾ  ഏറെ ഭീഷണി തീർക്കുന്നത്.