ഗ്യാൻവാപി മസ്‌ജിദിൽ പൂജയ്ക്ക് അനുമതി നൽകി വിധി പുറപ്പെടുവിച്ച മുൻ ജഡ്ജിനെ യുപി സർവകലാശാലയിൽ ഓംബുഡ്സ്മാനായി നിയമിച്ചു; വിരമിച്ച് ഒരു മാസത്തിനുള്ളിൽ പുതിയ പദവി

ഗ്യാൻവാപി മസ്‌ജിദിൽ പൂജയ്ക്ക് അനുമതി നൽകി വിധി പുറപ്പെടുവിച്ച മുൻ ജഡ്ജിനെ യുപി സർവകലാശാലയിൽ ഓംബുഡ്സ്മാനായി നിയമിച്ചു; വിരമിച്ച് ഒരു മാസത്തിനുള്ളിൽ പുതിയ പദവി


ലക്‌നൗ: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിന്റെ നിലവറയിൽ ഹിന്ദു പക്ഷത്തിന് പൂജ നടത്താൻ അനുമതി നൽകി വിധി പുറപ്പെടുവിച്ച വാരണാസി ജില്ലാ കോടതി മുൻ ജഡ്ജ് എ കെ വിശ്വേശയെ ലക്നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണൽ റീഹാബിലിറ്റേഷൻ യൂണിവേഴ്സിറ്റിയുടെ ഓംബുഡ്സ്മാനായി നിയമിച്ചു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയർമാനായ സർക്കാർ സർവകലാശാലയാണിത്.



വിദ്യാർഥികളുടെ പരാതികൾ തീർപ്പാക്കലാണ് ചുമതല. ആദ്യമായാണ് ഈ തസ്തികയിൽ നിയമനം നടക്കുന്നതെന്നാണ് റിപ്പോർട്ട്. സർവകലാശാല വൈസ് ചാൻസലർ ഹിമാൻഷു ശേഖർ ഝായാണ് മൂന്ന് വർഷത്തേക്കാണ് നിയമനം നടത്തിയത്. ബുധനാഴ്ച സർവകലാശാല സന്ദർശിച്ച് വിശ്വേശ വൈസ് ചാൻസലറുമായി കൂടിക്കാഴ്ച നടത്തി.

സർവീസിൽ നിന്ന് വിരമിക്കുന്ന ദിവസമായ ജനുവരി 31നാണ് എ കെ വിശ്വേശ, മസ്ജിദിന്റെ താഴത്തെ നില ആരാധനക്കായി ഹിന്ദുക്കൾക്ക് കൈമാറി വിധി പുറപ്പെടുവിച്ചത്. ഹരിദ്വാർ സ്വദേശിയാണ് വിശ്വേശ്. 1964 ജനുവരിഏഴിന് ജനിച്ച അദ്ദേഹം 1981-ൽ ബി.എസ്‌സിയും 1984-ൽ എൽ.എൽ.ബി.യും 1986-ൽ എൽ.എൽ.എമ്മും കരസ്ഥമാക്കി.

1990 ജൂൺ 20-ന് ജുഡീഷ്യൽ സർവീസ് ആരംഭിച്ച അദ്ദേഹത്തിൻ്റെ ആദ്യ നിയമനം ഇന്നത്തെ ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ മുൻസിഫ് മജിസ്‌ട്രേറ്റായിരുന്നു. അന്ന് അവിഭക്ത ഉത്തർപ്രദേശിൻ്റെ ഭാഗമായിരുന്നു. 1991-ൽ സഹരൻപൂരിലേക്ക് മാറ്റി. ഇതിനുശേഷം ഡെറാഡൂണിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റായി. പിന്നീടാണ് വാരണാസി ജില്ലാ കോടതിയിൽ നിയമിതനായത്.