ഷാൻ കൊലക്കേസ്; കുറ്റപത്രം മടക്കമെന്ന് പ്രതികൾ ഹൈക്കോടതിയിൽ, കേസ് ഇന്ന് പരിഗണിക്കും

ഷാൻ കൊലക്കേസ്; കുറ്റപത്രം മടക്കമെന്ന് പ്രതികൾ ഹൈക്കോടതിയിൽ, കേസ് ഇന്ന് പരിഗണിക്കും


ആലപ്പുഴ: എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ബിജെപി-ആർഎസ്എസ് പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ. കൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കെവി ബെന്നിയാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ സ്റ്റേഷൻ ഹൗസ് ഓഫീസറാണ് കുറ്റപത്രം സമർപ്പിക്കേണ്ടതെന്നും അതിനാല്‍ കുറ്റപത്രം മടക്കണം എന്നും വാദം ഉന്നയിച്ച് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

സര്‍ക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തന്നെയാണ് കുറ്റപത്രം നല്‍കിയതെന്നും അതിനാല്‍ ഹർജി നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ ഹര്‍ജിയില്‍ ഇന്ന് ഉത്തരവ് വരും. 2021 ഡിസംബർ 18 ന് രാത്രിയാണ് ഷാൻ കൊല്ലപ്പെട്ടത്. കൊല നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബിജെപി ഓബിസി മോർച്ചാ നേതാവ് അഡ്വ രഞ്ജിത് ശ്രീനിവാസനെ വധിച്ചത്. ഈ കേസില്‍ 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. 

അതിനിടെ, കേസിൽ വധശിക്ഷ വിധിച്ചതിനെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ മത, സാമുദായിക, രാഷ്ട്രീയ വിദ്വേഷം ഉളവാക്കുന്ന തരത്തിലും, കലാപം ഉണ്ടാക്കുന്ന തരത്തിലുമുള്ള ചിത്രങ്ങളും, പ്രസ്താവനകളും പോസ്റ്റുചെയ്ത 4 കേസ്സുകളിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡിൽ കുമ്പളത്തുവെളി വീട്ടിൽ നസീർ മോൻ (47), തിരുവനന്തപുരം മംഗലപുരം സക്കീർ മൻസിലിൽ റാഫി (38), ആലപ്പുഴ, പൊന്നാട് തേവരംശ്ശേരി നവാസ് നൈന (42), അമ്പലപ്പുഴ വടക്ക് വണ്ടാനം പുതുവൽ വീട്ടിൽ ഷാജഹാൻ (36) എന്നിവരാണ് അറസ്റ്റിലായത്.

സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള വിദ്വേഷ പോസ്റ്റുകൾ നടത്തുന്നവരെ കണ്ടെത്തുന്നതിന് സൈബർ പൊലീസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടന്നും, ശ്രദ്ധയിൽ പെട്ടാൽ അവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

കേരള പൊലീസിന്‍റെ അറിയിപ്പ്

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ട് വിദ്വേഷം പരത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വാർത്തകൾ പ്രചരിപ്പിച്ചതിന് നാലുപേർ അറസ്റ്റിലായി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കും.