ഫലസ്തീൻ പ്രധാനമന്ത്രി രാജിവെച്ചു

ഫലസ്തീൻ പ്രധാനമന്ത്രി രാജിവെച്ചു


  • ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രാജിവച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണമുള്ള ഫലസ്തീന്‍ അതോറിറ്റി സര്‍ക്കാരിന്റെ തലവനാണ് ഇഷ്തയ്യ. ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനാണു രാജി സമര്‍പ്പിച്ചത്. ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണങ്ങളിലും വെസ്റ്റ് ബാങ്കില്‍ തുടരുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചാണു നടപടി.

മുഹമ്മദ് ഇഷ്തയ്യ തന്നെയാണ് രാജിവിവരം പുറത്തുവിട്ടത്. വെസ്റ്റ് ബാങ്കിലും ജറൂസലമിലും നടക്കുന്ന അഭൂതപൂര്‍വ നടപടികളുടെയും ഗസ്സ മുനമ്പിലെ യുദ്ധത്തിന്റെയും വംശഹത്യയുടെയും പട്ടിണിയുടെയും പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഗസ്സയിലെ പുതിയ യാഥാര്‍ത്ഥ്യം കണക്കിലെടുത്തുള്ള പുതിയ സര്‍ക്കാര്‍-രാഷ്ട്രീയ രൂപീകരണം വെല്ലുവിളി നിറഞ്ഞതാകും. അതിന് ഫലസ്തീന്‍ ജനതയുടെ പൊതുസമ്മതം വേണം. ഫലസ്തീന്‍ ഭൂമിക്കുമേലുള്ള അധികാരത്തിലും ഫലസ്തീന്റെ ഐക്യത്തിലും അടിസ്ഥാനമാക്കിയുള്ളതാകണമതെന്നും മുഹമ്മദ് ഇഷ്തയ്യ കൂട്ടിച്ചേര്‍ത്തു.

ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണം അവസാനിച്ചാലുടന്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹ്മൂദ് അബ്ബാസ് നീക്കംനടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗസ്സയുടെ പുനര്‍നിര്‍മാണമായിരിക്കും പുതിയ സര്‍ക്കാരിന്റെ പ്രാഥമിക പരിഗണന. രാഷ്ട്രീയ നേതാക്കള്‍ക്കു പകരം വിവിധ രംഗങ്ങളില്‍ വിദഗ്ധരായ ഒരു സംഘത്തെ ചേര്‍ത്തായിരിക്കും പുതിയ സര്‍ക്കാര്‍ രൂപീകരണമെന്നാണ് ഈജിപ്ത് മാധ്യമമായ ‘അശ്ശര്‍ഖുല്‍ ഔവ്സഥ്’ റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കമുണ്ടെങ്കില്‍ രാജിവയ്ക്കുമെന്ന് മുഹമ്മദ് ഇഷ്തയ്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഫലസ്തീന്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് മുസ്തഫയെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹ്മൂദ് അബ്ബാസ് ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇതിന് വിവിധ ഫലസ്തീന്‍ കക്ഷികളുടെ അംഗീകാരം ആവശ്യമാണ്. സര്‍ക്കാരിന്റെ രാജിനീക്കത്തിന്റെ പശ്ചാത്തലത്തില്‍ ജോര്‍ദാന്‍ രാജാവ് ഉള്‍പ്പെടെയുള്ള അറബ് നേതാക്കളുമായും അബ്ബാസ് ചര്‍ച്ച നടത്തിയിരുന്നു.

1954ല്‍ ഫലസ്തീനില്‍ ജനിച്ച മുഹമ്മദ് മുസ്തഫ അറബ് മേഖലയില്‍ വിവിധ രാഷ്ട്രീയ-സാമ്പത്തിക സമിതികളില്‍ പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.