സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ആര്‍ എസ് എസ് ഭാഷയില്‍ : കാസിം ഇരിക്കൂര്‍

സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ആര്‍ എസ് എസ് ഭാഷയില്‍ : കാസിം ഇരിക്കൂര്‍



ബാബറി മസ്ജിദ് തകര്‍ത്ത സ്ഥാനത്ത് സംഘ പരിവാര്‍ കെട്ടിപ്പടുത്ത രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ആര്‍ എസ് എസ് ഭാഷ്യം കടമെടുത്തതാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. അയോധ്യയില്‍ രാമക്ഷേത്രം പണിത് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബി ജെ പി യുടെ ദുഷ്ടലാക്കിനെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കാത്ത സാദിഖലിയുടെ വിവരക്കേടുകളുടെ വിളംബരം അണികളെ പ്രകാേപിതരാക്കിയതില്‍ അല്‍ഭുതപ്പെടാനില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

മുസ്ലിം സമുദായത്തോട് മുസ്ലിം ലീഗ് ചെയ്യുന്നത് കൊടും ചതിയാണ്. രാമരാജ്യം രൂപീകരിക്കുക എന്ന ലക്ഷ്യത്തിന്റെ മുന്നോടിയാണ് രാമക്ഷേത്രം. ഇവിടെ വരേണ്ടത് RSS ന്റെ രാമരാജ്യമല്ല. കോണ്‍ഗ്രസ് പോലും പള്ളി തകര്‍ത്തതിന് എതിരാണെന്നാണ് പരസ്യമായി പറയുന്നത്. RSS, ലീഗ് നിലപാടുകള്‍ സമാനമാകുന്നത് അത്രമേല്‍ അപകടകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.കഴിഞ്ഞ മാസം 22ന് സാദിഖലി തങ്ങള്‍ നടത്തിയ പ്രസംഗത്തിലാണ് അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ ആവശ്യം ആണെന്ന് അഭിപ്രായപ്പെട്ടത്. ലീഗിന്റെത് മൃദു ഹിന്ദുത്വ നിലപാടും ആര്‍എസ്എസ് അനുകൂല നിലപാടുമാണെന്ന് INL നേതാവ് അബ്ദുള്‍ അസീസ് കുറ്റപ്പെടുത്തി. ബാബറി തകര്‍ത്ത സ്ഥലത്ത് ഉണ്ടാക്കിയ ക്ഷേത്രം അഭിമാനകരമാണ് എന്ന പരാമര്‍ശം മുസ്ലിങ്ങള്‍ക്ക് അപമാനകരമാണ്.

അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ ആവശ്യം എന്ന സാദിഖലി തങ്ങളുടെ പരാമര്‍ശത്തിന് എതിരെ INL നേതാവ് അബ്ദുള്‍ അസീസ് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടു. ഗാന്ധിയുടെ രാമരാജ്യമല്ല RSS ന്റെത്. രാഷ്ട്രീയ നേതാക്കന്മാര്‍ അത് അറിയാത്തവരല്ല. എന്നിട്ടും ലീഗ് അണികളെ നേതാക്കള്‍ മണ്ടന്മാര്‍ ആക്കുകയാണെന്നും INL ആരോപിക്കുന്നു.സംസ്ഥാന പ്രസിഡന്റിനെതിരെ ലീഗ് അണികള്‍ തെരുവില്‍ ഇറങ്ങുന്ന കാലം വിദൂരമല്ല. രാജ്യമൊട്ടുക്കുമുള്ള പള്ളികളുടെ മേല്‍ അവകാശ വാദം ഉന്നയിച്ച് വര്‍ഗ്ഗീയത ആളിക്കത്തിക്കാന്‍ സംഘ പരിവാര്‍ കച്ചകെട്ടി ഇറങ്ങിയ ഒരു ഘട്ടത്തില്‍ ലീഗ് അധ്യക്ഷന്‍ ന്യൂനപക്ഷങ്ങളെ ബലി കൊടുക്കാന്‍ ഒരുങ്ങിയതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ രാമ ക്ഷേത്ര പ്രകീര്‍ത്തനം. ആര്‍ എസ് എസിനെ തൃപ്തിപ്പെടുത്താനുള്ള സ്വാദിഖലിയുടെ ശ്രമത്തോട് മുസ്ലിം ലീഗിലെ മറ്റു നേതാക്കള്‍ യോജിക്കുന്നുണ്ടോ എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും, വിഷയത്തില്‍ പ്രബുദ്ധ കേരളം ഉചിതമായി പ്രതികരിക്കുമെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.