ബിജെപിയിൽ ചേർക്കാനാണ് ശ്രമം, ഒരിക്കലും ചേരില്ല'; താൻ ജയിലിൽ പോലും ദില്ലിയിൽ വികസനം തുടരുമെന്ന് കെ‍ജ്രിവാൾ


'ബിജെപിയിൽ ചേർക്കാനാണ് ശ്രമം, ഒരിക്കലും ചേരില്ല'; താൻ ജയിലിൽ പോലും ദില്ലിയിൽ വികസനം തുടരുമെന്ന് കെ‍ജ്രിവാൾ

ദില്ലി: ബിജെപിയിൽ ചേരാൻ ചിലർ നിർബന്ധിക്കുന്നതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എന്ത് ​ഗൂഢാലോചന നടത്തിയാലും താൻ ഒരിക്കലും ബിജെപിയിൽ ചേരില്ലെന്നും, മുട്ടു മടക്കില്ലെന്നും കെജ്രിവാൾ പറഞ്ഞു. വിവിധ കേസുകളിൽ ആംആദ്മി പാർട്ടിക്കെതിരെ ഇഡിയും ദില്ലി പോലീസും നടപടികൾ കടുപ്പിച്ചതിന് പിന്നാലെയാണ് കെജ്രിവാളിന്റെ വെളിപ്പെടുത്തൽ. ദില്ലി മന്ത്രി അതിഷി മർലേനയുടെ വീട്ടിലും ഇന്ന് ദില്ലി ക്രൈംബ്രാഞ്ച് എത്തി നോട്ടീസ് നൽകി.

ദില്ലി മദ്യനയ കേസിലും എഎപി എംഎൽഎമാരെ ബിജെപി പണം നൽകി വാങ്ങാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ബിജെപി നൽകിയ പരാതിയിലും കെജ്രിവാളിനെതിരെ അന്വേഷണ ഏജൻസികൾ നടപടികൾ കടുപ്പിക്കുകയാണ്. മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാളിന് 5 തവണ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ലെന്നാണ് ദില്ലി റോസ് അവന്യൂ കോടതിയെ ഇഡി പരാതി അറിയിച്ചത്. കോടതി കേസ് ബുധനാഴ്ച പരി​ഗണിക്കും. 

ഇതിനിടെയാണ് ദില്ലി പൊലീസും കെജ്രിവാളിനെതികമരയ നീക്കം കടുപ്പിക്കുന്നത്. ഇന്ന് രാവിലെയാണ് വിദ്യാഭ്യാസമന്ത്രി അതിഷി മർലേനയുടെ വീട്ടിലും ക്രൈംബ്രാഞ്ച് സം​ഗം എത്തിയത്. ആരോപണത്തിൽ 3 ദിവസത്തിനകം തെളിവ് നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ മന്ത്രി വീട്ടിലുണ്ടായിരുന്നില്ല, തുടർന്ന് ഉദ്യോ​ഗസ്ഥർ മടങ്ങി. തെളിവില്ലാത്ത ആരോപണമെന്ന് സ്ഥാപിക്കാനാണ് ദില്ലി പൊലീസിലൂടെ ബിജെപി ശ്രമിക്കുന്നത്.  ലോക്സഭാ തെരഞ്ഞെടുപ്പടുക്കവേ പ്രതിപക്ഷ നേതാക്കളെ കേന്ദ്രസർക്കാർ വേട്ടയാടുകയാണെന്ന പരാതി ശക്തമാകുന്നതിനിടെയാണ് ദില്ലിയിലെ ഈ നാടകീയ കാഴ്ചകൾ