തങ്ങളുടെ പരമാധികാരത്തില്‍ ഇടപെടാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ല, മെയ് മാസത്തില്‍ ഇന്ത്യന്‍ സൈന്യം പുറത്തുപോകും: മാലദ്വീപ് പ്രസിഡന്റ്

തങ്ങളുടെ പരമാധികാരത്തില്‍ ഇടപെടാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ല, മെയ് മാസത്തില്‍ ഇന്ത്യന്‍ സൈന്യം പുറത്തുപോകും: മാലദ്വീപ് പ്രസിഡന്റ്ന്യൂഡല്‍ഹി: തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തില്‍ ഇടപെടാനോ തുരങ്കം വയ്ക്കാനോ മറ്റൊരു രാജ്യത്തെയും അനുവദിക്കില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മെയ് മാസം 10 നകം ഇന്ത്യന്‍ സൈനികര്‍ മാലദ്വീപില്‍ നിന്ന് പൂര്‍ണമായും വിട്ടുപോകുമെന്നും മുയിസു വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി എന്നും അദ്ദേഹം വ്യക്തമാക്കി.

'ഒരു സംഘം സൈനികര്‍ മാര്‍ച്ച് പത്തോടുകൂടി ദ്വീപുരാഷ്ട്രം വിടും. മറ്റു രണ്ട് സംഘങ്ങള്‍ മെയ് 10-നകവും ഇന്ത്യയിലേക്ക് തിരിക്കും. ഇനി ഇന്ത്യയുമായുള്ള കരാര്‍ പുതുക്കില്ല' മുയിസു കൂട്ടിച്ചേര്‍ത്തു. മുയിസു പ്രസിഡന്റായി അധികാരമേറ്റതുമുതല്‍ ഇന്ത്യയുമായുള്ള മാലദ്വീപിന്റെ ബന്ധം മോശമായി തുടരുകയാണ്.

ഇതിനിടയില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ എംഡിപിയും ഡെമോക്രാറ്റുകളും പ്രസിഡന്റ് മുയിസുവിന്റെ പ്രസംഗം ബഹിഷ്‌കരിച്ചു. പാര്‍ലമെന്റില്‍ 24 അംഗങ്ങള്‍ മാത്രമാണ് പ്രസംഗത്തില്‍ പങ്കെടുത്തത് 56 പേര്‍ ബഹിഷ്‌കരിച്ചു.