യുഡിഎഫിൽ നിന്ന് വിജയിച്ചു, സ്ഥാനം നിലനിര്‍ത്താൻ എൽഡിഎഫിൽ, പ്രസിഡന്റുമായി, ഗെറ്റൗട്ടടിച്ച് തെര. കമ്മീഷൻ

യുഡിഎഫിൽ നിന്ന് വിജയിച്ചു, സ്ഥാനം നിലനിര്‍ത്താൻ എൽഡിഎഫിൽ, പ്രസിഡന്റുമായി, ഗെറ്റൗട്ടടിച്ച് തെര. കമ്മീഷൻ


കോട്ടയം: യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് കൂറുമാറിയ വനിത പഞ്ചായത്ത് പ്രസിഡണ്ടിനെ അയോഗ്യയാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. കോട്ടയം രാമപുരം പഞ്ചായത്ത് പ്രസിഡന്റും മാണി ഗ്രൂപ്പ് അംഗവുമായ ഷൈനി സന്തോഷിനെതിരെയാണ് നടപടി.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് ഷൈനി മത്സരിച്ച് വിജയിച്ചത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റുമായി. യുഡിഎഫിലെ ധാരണ പ്രകാരം രണ്ടാം ടേം ജോസഫ് ഗ്രൂപ്പിന് പ്രസിഡന്റ് സ്ഥാനം നൽകണമായിരുന്നു. പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്ന ദിവസം എൽഡിഎഫ് പിന്തുണയോടെ പാർട്ടി വിപ്പ് ലംഘിച്ച് ഷൈനി പ്രസിഡൻറ് ആവുകയായിരുന്നു.

ഇതോടെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ സന്തോഷം അറിയിച്ചു. യുഡിഎഫ് പ്രവർത്തകർ രാമപുരത്ത് പ്രകടനം നടത്തി.എന്നാൽ പഞ്ചായത്ത് ഭരണം യുഡിഎഫിന് കിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ കോടതിയെ സമീപിക്കും എന്നും ഷൈനി സന്തോഷ് പ്രതികരിച്ചു.

അതേസമയം,  കരുംകുളം പഞ്ചായത്തിൽ കൂറുമാറിയ സിപിഎം അംഗത്തെ ഇലക്ഷൻ കമ്മീഷൻ ഇന്ന് അയോഗ്യനാക്കി.കൊച്ചുപള്ളി വാർഡായ 18-ൽ നിന്നും സി പി എം ചിഹ്നത്തിൽ നിന്ന് വിജയിച്ച സോളമനെയാണ് കൂറുമാറ്റത്തിന്റെ പേരിൽ ഇലക്ഷൻ കമ്മീഷൻ ഷാജഹാൻ അയോഗ്യനാക്കിയത്.കഴിഞ്ഞ 2022 ഡിസംബറിൽ എൽഡിഎഫ് ഭരണത്തിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിൻതുണച്ച് സോളമൻ വോട്ടു ചെയ്തിരുന്നു.

കൂടാതെ സിപിഎമ്മിനെ പിൻതുണച്ചിരുന്ന ഒരു സ്വതന്ത്രൻ കൂടി കോൺഗ്രസിന് പിൻതുണ നൽകിയതോടെ കരുംകുളം പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി.തുടർന്ന് സോളമൻ പാർട്ടിവിപ്പ് ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷന് സിപിഎം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സോളമനെ അയോഗ്യതനാക്കി കൊണ്ട് ഉത്തരവായത്.18 അംഗങ്ങളുള്ള പഞ്ചായത്തിൽ . എൽഡിഎഫിന് 8 ഉം, കോൺഗ്രസ് 7 ഉം, രണ്ട് സ്വതന്ത്രർ എന്നിങ്ങനെയാണ്. ഇപ്പോഴത്തെ കക്ഷിനില. പഞ്ചായത്തിൽ വീണ്ടും ഒരു അവിശ്വാസ പ്രമേയത്തിനുള്ള സാധ്യതയുണ്ട്.