രാജ്യത്ത് തന്നെ ആദ്യം…’ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തുന്നവര്‍ക്ക് ഇനി നിയമ സഹായവും

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തുന്നവര്‍ക്ക് ഇനി ആതുരശുശ്രൂഷക്കൊപ്പം നിയമ പരിരക്ഷയും ലഭിക്കും. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കീഴിലുള്ള ലീഗല്‍ എയ്ഡ് ക്ലിനിക്കാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യമായി നിയമസഹായം നല്‍കുക എന്നതാണ് ലീഗല്‍ എയ്ഡ് ക്ലിനിക്കിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ മെഡിക്കല്‍ കോളേജുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി ആരംഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മാനസിക രോഗികള്‍, കലാപത്തിനിരയാവുന്നവര്‍, ജയിലുകളിലും ഹോമുകളിലും താമസിക്കുന്നവര്‍, വ്യവസായ തൊഴിലാളികള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവര്‍, മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ള പുരുഷന്മാര്‍ തുടങ്ങിയവര്‍ക്ക് സൗജന്യ നിയമസഹായത്തിന് അര്‍ഹതയുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലാം വാര്‍ഡിന് സമീപമാണ് ലീഗല്‍ എയ്ഡ് ക്ലിനിക് ആരംഭിച്ചത്. ക്ലിനിക്കില്‍ വിദഗ്ധരായ അഭിഭാഷകരുടെയും പാരാ ലീഗല്‍ വളണ്ടിയര്‍സിന്റെയും സേവനം ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും നിയമസേവന അതോറിറ്റി ചെയര്‍മാനുമായ മുരളി കൃഷ്ണയാണ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്.