കൈക്കുഞ്ഞുമായി ഉറങ്ങുമ്പോൾ കാട്ടുകൊമ്പനെത്തി, ആനക്കലിയിൽ കുടിൽ തകർന്നു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം

കൈക്കുഞ്ഞുമായി ഉറങ്ങുമ്പോൾ കാട്ടുകൊമ്പനെത്തി, ആനക്കലിയിൽ കുടിൽ തകർന്നു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം


കേണിച്ചിറ: വയനാട്ടിലെ കേണിച്ചിറയിൽ ആദിവാസികളുടെ കുടിൽ കാട്ടാന പൂർണമായി തകർത്തു. കേളമംഗലം സ്വദേശികളായ ബിജുവും സൗമ്യയും കൈക്കുഞ്ഞും കാട്ടാന ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കൈക്കുഞ്ഞുമായി ഉറങ്ങുമ്പോഴായിരുന്നു കലിയിളകിയ കാട്ടുകൊമ്പൻ ഇരുടെ ചെറു കുടിൽ തകർത്തത്. ആക്രമണത്തിൽ വീട് പൂർണമായി തകർന്നു. ഭാഗ്യം കൊണ്ടാണ് വീട്ടുകാരുടെ ജീവൻ രക്ഷപ്പെട്ടത്.

ഇന്നലെ രാവിലെ ഏഴുമണിവരെ കേളമംഗലത്ത് താമസിക്കാൻ ബിജുവിനും സൗമ്യയ്ക്കും ചെറിയൊരു കൂരയുണ്ടായിരുന്നു എന്നാൽ ഇന്നതില്ല. കാരണം കിടക്കപ്പായയിൽ നിന്നാണ് ഈ കുടുംബം ഒറ്റയാന്റെ ആക്രമണം നേരിടേണ്ടി വന്നത്. പിഞ്ചു കുഞ്ഞിനേയും സ്വന്തം ജീവനേയും കയ്യിലെടുത്ത് ഓടിയതിനാൽ ജീവഹാനി സംഭവിച്ചില്ല. എന്നാൽ ഇത്രയും കാലത്തെ സമ്പാദ്യമെല്ലാം നഷ്ടമായി. ജീവൻ കിട്ടിയ ആശ്വാസമുണ്ടെങ്കിലും

ഇല്ലായ്മകളുടെ വല്ലായ്മകളും കൊണ്ട് കെട്ടിയുണ്ടാക്കിയ കൂരയാണ് ആനയെടുത്തതിലെ വിഷമം കുടുംബം മറച്ച് വയ്ക്കുന്നില്ല. മുത്തമകൾ ബന്ധുവീട്ടിൽ പോയത് ഭാഗ്യമായാണ് ബിജു കാണുന്നത്. ആനയ്ക്ക് മുന്നിൽ നിന്ന് രണ്ടുമക്കളേയും രക്ഷിക്കാനാകുമോ എന്ന് ഉറപ്പില്ലായിരുന്നെന്ന് സൗമ്യയും പറയുന്നു.

ഫെൻസിങ്ങും കിടങ്ങും മതിലുമൊക്കെ പലയിടത്തായി വനംവകുപ്പിന്റെ പല പ്രതിരോധ സംവിധാനങ്ങളുണ്ടെങ്കിലും ആനയിറങ്ങുന്നതിന് മാത്രം ഒരു കുറവുമില്ല. കുടുംബത്തിന് തത്കാലത്തേക്ക് മറ്റൊരു ഷെഡ് ഒരുക്കാൻ വനംവകുപ്പ് പണി തുടങ്ങിയിട്ടുണ്ട്. എന്നാൽ ഈ മേഖല വന്യമൃഗങ്ങൾ പതിവായി എത്തുന്നിടമാണ്. അതിനാൽ അടച്ചുറപ്പുള്ളൊരു വീടുണ്ടാക്കുക എന്നതാണ് ഇവരുടെ ആവശ്യം. അതിന് സർക്കാർ ഒപ്പമുണ്ടാവുമോ എന്നാണ് ഇവരുടെ ചോദ്യം.