11 മാസം പ്രായമുള്ള കുഞ്ഞിനെ 3 പേരും നിരന്തരം ഉപദ്രവിച്ചു; ഒഴിവാക്കാൻ കാമുകൻ ആവശ്യപ്പെട്ടതായി ശ്രീപ്രിയ


11 മാസം പ്രായമുള്ള കുഞ്ഞിനെ 3 പേരും നിരന്തരം ഉപദ്രവിച്ചു; ഒഴിവാക്കാൻ കാമുകൻ ആവശ്യപ്പെട്ടതായി ശ്രീപ്രിയ


മലപ്പുറം: മലപ്പുറം തിരൂരിൽ കൊല്ലപ്പെട്ട 11മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ കാമുകനും കാമുകന്റെ അച്ഛനമ്മമാരും ചേർന്ന് മുമ്പും ഉപദ്രവിച്ചിരുന്നതായി മൊഴി. കുഞ്ഞിനെ ഒഴിവാക്കാൻ കാമുകൻ ജയസൂര്യ നിരന്തരം ആവശ്യപ്പെട്ടിരുന്നതയും അമ്മ ശ്രീപ്രിയ പോലീസിന് മൊഴി നൽകി. അതേ സമയം അറസ്റ്റിലായ ശ്രീപ്രിയയുള്‍പ്പെടെ നാലു പ്രതികളേയും തിരൂര്‍ കോടതി റിമാന്‍റ് ചെയ്തു.

തമിഴ്നാട് കടലൂർ സ്വദേശിയായ ശ്രീപ്രിയ ഭർത്താവിനെ ഉപേക്ഷിച്ചു പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞുമായി കാമുകനായ ജയസൂര്യക്കൊപ്പം തിരുരിൽ എത്തിയത് മുതൽ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്. കുഞ്ഞിനെ ഒഴിവാക്കാൻ ജയസൂര്യയും അച്ഛൻ കുമാറും അമ്മ ഉഷയും ചേർന്ന് നിരന്തരം ശ്രീപ്രിയയോട് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിനെ പലപ്പോളും മൂന്നു പേരും ചേർന്ന് ക്രൂരമായി മർദ്ദിച്ചിരുന്നെന്നാണ് ചോദ്യം ചെയ്യലിൽ ശ്രീപ്രിയ പോലീസിനോട് പറഞ്ഞത്. 

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഒരിക്കൽ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആശുപത്രി അധികൃതർക്ക് സംശയമൊന്നും തോന്നിയില്ല. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് മാറ്റിയെങ്കിലും നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങി കുഞ്ഞിനെ തിരികെ കൊണ്ടു വരികയായിരുന്നു. ഇതിനുശേഷമാണ് രണ്ടു മാസം മുമ്പ് കുഞ്ഞിനെ ഇവർ മർദ്ദിച്ച് കൊലപ്പെടുത്തിയത്. കാമുകന്റെ നിർദേശ പ്രകാരം കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി ശ്രീപ്രിയ ഒറ്റക്ക് തിരുരിൽ നിന്നും ട്രെയിൻ കയറി. സേലത്ത് എത്തിച്ച് മൃതദേഹം ഉപേക്ഷിക്കാൻ ആയിരുന്നു ജയസൂര്യ ആവശ്യപ്പെട്ടതെങ്കിലും തൃശ്ശൂരിൽ ഇറങ്ങിയശേഷം മൃതദേഹം അടങ്ങിയ ബാഗ് ഓടയിൽ തള്ളുകയായിരുന്നു. പിന്നീട് തിരൂരിലേക്ക് ശ്രീപ്രിയ മടങ്ങിയെത്തിയ ശേഷം ഇവർ അടുത്ത സ്ഥലത്തേക്ക് താമസം മാറി. ജയസൂര്യയുടെ സഹോദരിമാർ ഉൾപ്പെടെ പുതിയ സ്ഥലത്ത് താമസിക്കാൻ എത്തിയിരുന്നു.

ശ്രീപ്രിയ, കാമുകൻ ജയസൂര്യ, കാമുകന്റെ അച്ഛനമ്മമാരായ കുമാർ, ഉഷ എന്നിവർക്കെതിരെ കൊലക്കുറ്റം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തിരൂർ പുല്ലൂരിൽ വെച്ച് ശ്രീപ്രിയയെ ബന്ധുക്കൾ കണ്ടു മുട്ടിയതിനെതുടർന്നാണ് അരും കൊലയുടെ വിവരങ്ങൾ പുറം ലോകമറിഞ്ഞത്. കുഞ്ഞിനെ കുറിച്ച് അന്വേഷിച്ചപ്പോൾ പരസ്പര വിരുദ്ധമായ മറുപടി ശ്രീപ്രിയ പറഞ്ഞതോടെ വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോളാണ് കൊലപാതക വിവരം ഇവർ പോലീസിനോട് പറഞ്ഞത്.