സിദ്ധാര്‍ഥന്റെ മരണം: അന്വേഷണത്തില്‍ അട്ടിമറിയാരോപണം , തിരിച്ചെടുത്ത 33 വിദ്യാര്‍ഥികള്‍ക്ക്‌ വീണ്ടും സസ്‌പെന്‍ഷന്‍


സിദ്ധാര്‍ഥന്റെ മരണം: അന്വേഷണത്തില്‍ അട്ടിമറിയാരോപണം , തിരിച്ചെടുത്ത 33 വിദ്യാര്‍ഥികള്‍ക്ക്‌ വീണ്ടും സസ്‌പെന്‍ഷന്‍കല്‍പ്പറ്റ/തിരുവനന്തപുരം: പൂക്കോട്‌ വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി ജെ.എസ്‌. സിദ്ധാര്‍ഥന്റെ മരണത്തെത്തുടര്‍ന്നു സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട വിദ്യാര്‍ഥികളില്‍ 33 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനു പിന്നാലെ വീണ്ടും സസ്‌പെന്‍ഷന്‍.
സസ്‌പെന്‍ഷന്‍ പിന്‍വലിച്ച വൈസ്‌ ചാന്‍സലറുടെ ഉത്തരവില്‍ റിപ്പോര്‍ട്ട്‌ തേടി ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍. ഇതിനു പിന്നാലെ വി.സി: ഡോ. പി.സി. ശശീന്ദ്രന്‍ രാജിവച്ചു. നിയമോപദേശം പോലും തേടാതെ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സംഭവത്തില്‍ ഗവര്‍ണര്‍ അതൃപ്‌തി പ്രകടിപ്പിച്ചതാണു രാജിക്കു കാരണമെന്നു സൂചന. പുറത്താക്കിയ വിദ്യാര്‍ഥികള്‍ ഉടന്‍ ഹോസ്‌റ്റല്‍ ഒഴിയണമെന്നും നിര്‍ദേശമുണ്ട്‌.
വി.സിയുടെ നടപടിക്കെതിരേ സിദ്ധാര്‍ഥന്റെ കുടുംബവും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്ത്‌ വന്നിരുന്നു. സിദ്ധാര്‍ഥന്റെ അച്‌ഛന്‍ ഗവര്‍ണറെ കണ്ട്‌ പരാതി നല്‍കി. സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ ഇത്തരം നടപടി കേസിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന്‌ അച്‌ഛന്‍ ആരോപിച്ചു. തുടര്‍ന്ന്‌ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ വിശദീകരണം തേടുകയായിരുന്നു. അതേ സമയം, രാജി വ്യക്‌തിപരമായ കാരണങ്ങളാലാണെന്ന്‌ ഡോ. ശശീന്ദ്രന്‍ പറഞ്ഞു.
സിദ്ധാര്‍ഥനെതിരായ ആള്‍ക്കൂട്ട വിചാരണയില്‍ നേരിട്ടു പങ്കാളികളാകുകയോ കുറ്റകൃത്യം അധികൃതരില്‍നിന്നു മറച്ചുവയ്‌ക്കുകയോ ചെയ്‌ത വിദ്യാര്‍ഥികള്‍ക്ക്‌ എതിരേയാണ്‌ ആന്റി റാഗിങ്‌ സ്‌ക്വാഡ്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ആന്റി റാഗിങ്‌ കമ്മിറ്റി നടപടിയെടുത്തത്‌. 31 പേരെ കോളജില്‍നിന്നു പുറത്താക്കുകയും ഹോസ്‌റ്റലില്‍ ഉണ്ടായിരുന്ന 90 പേരെ സസ്‌പെന്‍ഡ്‌ ചെയ്യുകയും ചെയ്‌തു.
എന്നാല്‍, സസ്‌പെന്‍ഷന്‍ നടപടി നേരിട്ടവര്‍ നല്‍കിയ അപ്പീലില്‍ സീനിയര്‍ ബാച്ചിലെ രണ്ടുപേരടക്കം 33 വിദ്യാര്‍ഥികളെ വി.സി. തിരിച്ചെടുക്കുകയായിരുന്നു.
സര്‍വകലാശാലയുടെ ലോ ഓഫീസറില്‍നിന്നു നിയമോപദേശം തേടിയ ശേഷമെ ആന്റി റാഗിങ്‌ കമ്മിറ്റിയുടെ നടപടി റദ്ദാക്കാനാകൂ. എന്നാല്‍ 33 പേരില്‍ പാര്‍ട്ടി നേതാവിന്റെ മകനായ ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാനാണ്‌ ധൃതിപിടിച്ച്‌ ഇത്രയാളുകളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെതെന്ന്‌ ആക്ഷേപം ഉയര്‍ന്നിരുന്നു.
വി.സിക്കു കിട്ടിയ അപ്പീല്‍ ലോ ഓഫിസര്‍ക്ക്‌ നല്‍കാതെ സര്‍വകലാശാല ലീഗല്‍ സെല്ലില്‍ത്തന്നെ തീര്‍പ്പാക്കുകയായിരുന്നു. എന്നാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ഇവര്‍ക്ക്‌ സിദ്ധാര്‍ഥനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട്‌ നേരിട്ട്‌ ബന്ധമില്ല എന്നാതാണ്‌ ആന്റി റാഗിങ്‌ സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട്‌ വരുന്നതിന്‌ മുമ്പായി ഇവരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിലുള്ള വി.സിയുടെ വിശദീകരണം.
സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട്‌ മുന്‍ വി.സി: എം.ആര്‍. ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ ഇടപെട്ട്‌ മാറ്റിയിരുന്നു. പിന്നാലെയാണു വെറ്ററിനറി സര്‍വകലാശാലയിലെ വിരമിച്ച അധ്യാപകനായ ഡോ. പി.സി. ശശീന്ദ്രന്‌ വി.സിയുടെ ചുമതല നല്‍കിയത്‌.