സിദ്ധാർത്ഥിൻ്റെ മരണം; എസ്എഫ്ഐ നേതാക്കളടക്കം മൂന്ന് പേര്‍ കീഴടങ്ങി, ഇനി പിടികൂടാനുള്ളത് 8 പേരെ


സിദ്ധാർത്ഥിൻ്റെ മരണം; എസ്എഫ്ഐ നേതാക്കളടക്കം മൂന്ന് പേര്‍ കീഴടങ്ങി, ഇനി പിടികൂടാനുള്ളത് 8 പേരെ


കല്പറ്റ : പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥിൻ്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട മൂന്ന് പേര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡൻ്റ് കെ അരുണും കോളേജ് യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനും മറ്റൊരു പ്രതിയുമാണ് കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത അഖിൻ്റെ അറസ്റ്റും രേഖപ്പെടുത്തിയതോടെ, 18 പ്രതികളിലെ 10 പേരും പൊലീസ് പിടിയിലായി. ഇനി 8 പേരെയാണ് പിടികൂടാനുള്ളത്.

രാത്രി വൈകിയാണ് ആദ്യം പ്രതി ചേർത്ത 12 പേരിൽ ഒരാളായ അരുൺ കീഴടങ്ങിയത്. കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തിയതാണ് കോളേജ് യൂണിയൻ പ്രസിഡന്റ് കൂടിയായ അരുൺ കീഴടങ്ങിയത്. സർവകലാശാലയിലെ റാഗിങ് വിരുദ്ധ സമിതിയിലെ വിദ്യാർത്ഥി പ്രതിനിധി കൂടിയാണ് അരുൺ. പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. നാളെ അറസ്റ്റ് ഉണ്ടായേക്കും. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ക്രിമിനിൽ ഗൂഢാലോചന ശരിവക്കുന്ന തെളിവകുപ്പുകൾ പൊലീസ് ശേഖരിക്കുകയാണ്. അതിനിടെ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഡിജിപി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. 

സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണ. ആരും സഹായത്തിന് എത്താത്ത നിസ്സഹായത. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്.