പാലോട് രവിക്കെതിരെ കോൺ​ഗ്രസിൽ നിന്ന് തന്നെ പരാതി; 'ദേശീയ​ഗാനം തെറ്റിച്ചതിൽ രാജ്യദ്രോഹത്തിന് കേസെടുക്കണം'


പാലോട് രവിക്കെതിരെ കോൺ​ഗ്രസിൽ നിന്ന് തന്നെ പരാതി; 'ദേശീയ​ഗാനം തെറ്റിച്ചതിൽ രാജ്യദ്രോഹത്തിന് കേസെടുക്കണം'


തിരുവനന്തപുരം: കോൺഗ്രസിന്‍റെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപന പരിപാടിയിൽ ദേശീയ​ഗാനം തെറ്റിച്ച് പാടിയ ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്കെതിരെ വീണ്ടും പരാതി. കോൺഗ്രസ്‌ പ്രവർത്തകനായ സേവാദൾ ആറ്റുകാൽ മണ്ഡലം കമ്മിറ്റി മുൻ ചെയർമാൻ പി കാർത്തികേയൻ തമ്പിയാണ് പാലോട് രവിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഫോർട്ട്‌ എസിസിക്കാണ് പരാതി നൽകിയത്. പാലോട് രവിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണം എന്നാണ് പരാതി. 

നേരത്തെ, ദേശീയഗാന വിവാദത്തില്‍ പാലോട് രവിക്കെതിരെ പരാതി നൽകിയിരുന്നു. ദേശീയ ഗാനത്തെ അവഹേളിച്ചെന്നായിരുന്നു പരാതിയിൽ പറയുന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റ് ആര്‍എസ് രാജീവാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി കൈമാറിയത്. കോൺഗ്രസിന്‍റെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപന പരിപാടിയിൽ തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടിയത് വിവാദമായിരുന്നു. പാലോട് രവി ദേശീയ ഗാനം തെറ്റിച്ചെന്ന് മനസിലാക്കിയ ടി സിദ്ദീഖ് എംഎല്‍എ ഉടനെ ഇടപെടുകയായിരുന്നു.

പാടല്ലേ,സിഡി ഇടാം എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്.പിന്നാലെ ആലിപ്പറ്റ ജമീല ദേശീയ​ഗാനം തിരുത്തി പാടുകയും ചെയ്തു. തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് നടന്ന സമാപന പൊതുസമ്മേളനത്തിലായിരുന്നു സംഭവം. സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലോട് രവിക്കെതിരെ പരാതിയുമായി ബിജെപി നേതാവ് പൊലീസിനെ സമീപിച്ചത്.

അതേസമയം, സമരാഗ്നി സമാപന വേദിയില്‍ പ്രവര്‍ത്തകരോട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രോഷാകുലനായതും വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു. നേതാക്കളുടെ പ്രസംഗം തീരും മുമ്പ് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയതിലാണ് സുധാകരന്‍ അമര്‍ഷം പ്രകടിപ്പിച്ചത്. മുഴുവന്‍ സമയം പ്രസംഗം കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ എന്തിന് വന്നുവെന്ന് സുധാകരന്‍ ചോദിച്ചു. ലക്ഷകണക്കിന് രൂപ മുടക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. രണ്ട് പേര്‍ സംസാരിച്ച് കഴിഞ്ഞ് ആളുകള്‍ പോവുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇങ്ങനെ ആണെങ്കില്‍ എന്തിന് പരിപാടി സംഘടിപ്പിക്കുന്നു എന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സുധാകരനെ തിരുത്തി. പ്രവര്‍ത്തകര്‍ ക്ഷീണിതരാണെന്ന കാര്യം പ്രസിഡന്‍റ് മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.