പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ സ്‌കൂട്ടറിടിച്ച് പരിക്കേൽപ്പിച്ചു : യുവാവ് അറസ്റ്റിൽപരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ സ്‌കൂട്ടറിടിച്ച് പരിക്കേൽപ്പിച്ചു : യുവാവ് അറസ്റ്റിൽ 


 പുൽപ്പള്ളി : പെരിക്കല്ലൂരിൽ വാഹനപരിശോധന നടത്തുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥനെ സ്കൂട്ടറിടിച്ച് തെറിപ്പിച്ച് യുവാക്കൾ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സിവിൽ എക്സൈസ് ഓഫീസർ രാജേഷ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ ശേഷം കടന്നുകളഞ്ഞ മീനങ്ങാടി കുമ്പളേരി വരണാക്കുഴിയിൽ അജിത്തി (23)നെ മണിക്കൂറുകൾക്കുശേഷം പോലീസ് പുൽപ്പള്ളി ടൗണിൽനിന്നു പിടികൂടി. ഇയാളോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപ്പെട്ടു.


 

ചൊവ്വാഴ്ച രാത്രി 10.15-ഓടെയായിരുന്നു സംഭവം. വെട്ടത്തൂർ ഭാഗത്തുനിന്നും കഞ്ചാവുമായി സ്കൂട്ടറിൽ രണ്ട് യുവാക്കൾ വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് എക്സൈസിൻ്റെ ഇന്റർ സെപ്റ്റർ (കെമു) യൂണിറ്റ് രാത്രി 9.45-ഓടെ പെരിക്കല്ലൂരിലെത്തിയത്. പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ വെട്ടത്തൂർ പമ്പ്ഹൗസ് റോഡരികിൽ വാഹനം നിർത്തിയിട്ട ശേഷം ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് രണ്ട് യുവാക്കൾ ഇതുവഴി സ്കൂട്ടറിലെത്തിയത്. ഉദ്യോഗസ്ഥർ വാഹനത്തിന് കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ ഉദ്യോഗസ്ഥരുടെ ദേഹത്തേക്ക് സ്കൂട്ടർ ഇടിച്ചുകയറ്റുകയായിരുന്നു.സിവിൽ എക്സൈസ് ഓഫീസർ രാജേഷിനാണ് വാഹനമിടിച്ച് സാരമായി പരിക്കേറ്റത്. മറ്റുള്ള ഉദ്യോഗസ്ഥർ ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഉദ്യോഗസ്ഥനെ ഇടിച്ച സ്‌കൂട്ടർ നിയന്ത്രണംവിട്ട് അല്പദൂരം മുന്നോട്ടുപോയി മറിഞ്ഞു. പരിക്കേറ്റ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ ഇരുട്ടിൽ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻതന്നെ എക്സൈസ് ഉദ്യോഗസ്ഥർ  പുല്പള്ളി പോലീസിൽ

വിവരം നൽകി. തുടർന്ന് പുല്പള്ളി പോലീസിൻ്റെ പട്രോളിങ് സംഘം പരിശോധന നടത്തിവരുന്നതിനിടെ ബുധനാഴ്ച പുലർച്ചെ പുല്പള്ളി ടൗണിൽനിന്ന് യുവാക്കളെ കണ്ടെത്തി. പോലീസിനെക്കണ്ട് അജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥനെ ആദ്യം ബത്തേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്‌ധചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

 

ഉദ്യോഗസ്ഥന്റെ തലയ്ക്കുള്ളിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. ചെവിക്കുള്ളിലെ എല്ല് പൊട്ടുകയും തോളെല്ലിനും നെറ്റിയിലുമെല്ലാം പരിക്കുണ്ട്. വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അജിത്തിൻ്റെ ഒപ്പമുണ്ടായിരുന്ന മീനങ്ങാടി സ്വദേശിയായ സുഹൃത്തിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.