‘പള്ളിയില്‍ നിസ്‌കരിക്കാന്‍ വന്നവരെ തെരുവു ഗുണ്ടകളെപ്പോലെ തെറി വിളിക്കുന്നു’; എംവി ജയരാജനെതിരെ വ്യാജ വീഡിയോ; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്

‘പള്ളിയില്‍ നിസ്‌കരിക്കാന്‍ വന്നവരെ തെരുവു ഗുണ്ടകളെപ്പോലെ തെറി വിളിക്കുന്നു’; എംവി ജയരാജനെതിരെ വ്യാജ വീഡിയോ; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്കണ്ണൂ‍ർ ലോക്സഭാ എൽഡ‍ിഎഫ് സ്ഥാനാർത്ഥി എം.വി ജയരാജനെതിരെ വ്യാജ വീഡിയോ പ്രചരണമാരോപിച്ച് ഇലക്ഷൻ കമ്മീഷന് പരാതി നൽകി എൽഡിഎഫ്. ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും കൂടി എൽഡിഎഫ് പരാതി നൽകിയിട്ടുണ്ട്. വ്യാജ വീഡിയോ നിര്‍മ്മിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. പ്രചാരണത്തിന് ഉപയോഗിച്ച വീഡിയോ ക്ലിപ്പും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.

14 കൊല്ലം മുൻപ് നടന്ന ഒരു സംഭവത്തിന്റെ വീഡിയോയിൽ കൃത്രിമമായ അടിക്കുറിപ്പ് ചേർത്താണ് പ്രചരണം നടക്കുന്നത്. വോട്ട് ചോദിച്ച് കണ്ണൂര്‍ മുസ്ലിം ജമാഅത്ത് പള്ളിയില്‍ എം.വി ജയരാജൻ ചെന്നപ്പോൾ ബിജെപിയുടെ സഹായത്തോടെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മുസ്ലിം ന്യൂനപക്ഷങ്ങള്‍ ആയ തങ്ങൾ വോട്ട് ചെയ്യില്ലെന്ന് പറഞ്ഞതിൽ പള്ളിയില്‍ നിസ്‌കരിക്കാന്‍ വന്നവരെ എം.വി ജയരാജനും സംഘവും തെരുവു ഗുണ്ടുകളെപ്പോലെ തെറി വിളിക്കുന്നു എന്ന അടിക്കുറിപ്പോടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയതയും, വര്‍ഗീയ ചേരിതിരിവും ഉണ്ടാക്കി കലാപം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് വ്യാജ വീഡിയോ പ്രചരണം നടത്തുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു.

വീഡിയോ നിര്‍മ്മിച്ചതിന് പിന്നിൽ യുഡിഎഫ് നേതൃത്വമാണെന്നും എൽഡിഎഫ് ആരോപിച്ചു. നേരത്തെ, വടകര എൽഡിഎഫ് സ്ഥാനാ‍ർത്ഥി കെ.കെ ശൈലജയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ അറിവോടെയാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നതെന്നുമാരോപിച്ച് കേരളാ മുഖ്യമന്ത്രി, ഡിജിപി, ഐജി, റൂറൽ എസ്പി, ജില്ലാ കളക്ടർ എന്നിവർക്കും എൽഡിഎഫ് പരാതി നൽകിയിരുന്നു.

എൽഡിഎഫിനെതിരെ തുടർച്ചയായ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്. സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് വ്യാജമായ സന്ദേശങ്ങൾ വഴി പ്രചാരണങ്ങൾ നടത്തുകയാണ് പ്രതിപക്ഷം. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നാണ് എൽഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ.