പോക്കറ്റിൽ കാശില്ലെന്ന് പറഞ്ഞ് ഒഴിവാക്കാനാവില്ല, ക്യു ആർ കോഡുമായി യാചകൻ, വീഡിയോ കാണാം


പോക്കറ്റിൽ കാശില്ലെന്ന് പറഞ്ഞ് ഒഴിവാക്കാനാവില്ല, ക്യു ആർ കോഡുമായി യാചകൻ, വീഡിയോ കാണാം

ഇന്ന് എല്ലായിടത്തും ഡിജിറ്റൽ പേമെന്റുക​ളാണ്. വലുതായാലും ചെറുതായാലും ഏത് കടയിൽപ്പോയാലും ഡിജിറ്റലായി പണം കൈമാറാം. ക്യു ആർ കോഡ് സ്കാൻ ചെയ്താൽ മാത്രം മതി. അതുപോലെ, വാഹനങ്ങളിലായാലും ഇന്ന് ഡിജിറ്റൽ പേ ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാൽ, യാചകരും ഡിജിറ്റലായി പേ ചെയ്താൽ മതി എന്ന് പറയുന്ന അവസ്ഥ ഇന്നുണ്ട് എന്നാണ് ഈ വീഡിയോ തെളിയിക്കുന്നത്. അതായത്, കാശില്ല, ചില്ലറയില്ല എന്നൊക്കെ പറഞ്ഞ് ഇനി യാചകരെ ഒഴിവാക്കാൻ പറ്റില്ല എന്ന് സാരം. 

​ഗുവാഹട്ടിയിൽ നിന്നുള്ള ഈ യാചകന്റെ വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത് കോൺ​ഗ്രസ് നേതാവായ ​ഗൗരവ് സോമാനി (Gauravv Somani) യാണ്. ക്യു ആർ കോഡുമായി വന്നിരിക്കുന്ന യാചകന്റെ ദൃശ്യങ്ങളാണ് സോമാനി എക്സിൽ പങ്കുവച്ചിരിക്കുന്നത്. ഫോൺ പേ ക്യൂ ആർ കോഡ് തന്റെ വസ്ത്രത്തിലാണ് ഇയാൾ പതിച്ചിരിക്കുന്നത്. അതായത്, നിങ്ങളുടെ പോക്കറ്റിൽ പണമില്ലെങ്കിലും ഫോൺ വഴി ഇയാൾക്ക് പണം നല്കാം എന്നർത്ഥം. അല്ലാതെ കാശില്ല എന്ന കാരണം പറഞ്ഞ് ഇയാളെ ഒഴിവാക്കാനാവില്ല. 

ഷർട്ടിൽ ക്യൂ ആർ കോഡുമായി നിൽക്കുന്ന യാചകനോട് ഓൺലൈനിൽ പണം തന്നാൽ മതിയോ എന്നാണ് കാറിലുള്ളയാൾ ചോദിക്കുന്നത്. അപ്പോൾ തന്നെ യാചകൻ അത് അം​ഗീകരിക്കുകയും മതി, ഓൺലൈനായി പണം അടച്ചാൽ മതി എന്ന് അറിയിക്കുകയും ചെയ്യുന്നു. പിന്നാലെ, കാറിലിരിക്കുന്നയാൾ ഓൺലൈനായി പണം നൽകുന്നതും കാണാം. 

യാചകന് കാഴ്ചയ്ക്ക് പ്രശ്നമുണ്ട്. എന്നാൽ, പണം കിട്ടിയതായി നോട്ടിഫിക്കേഷൻ ശബ്ദം കേൾക്കുമ്പോൾ തനിക്ക് മനസിലാവും എന്നാണ് ഇയാൾ പറയുന്നത്. 'ഡിജിറ്റൽ ബെ​ഗ്​ഗർ ഇൻ ​ഗുവാഹട്ടി' എന്നും വീഡിയോയിൽ എഴുതിയിട്ടുണ്ട്. ദശ്‍രഥ് എന്നാണ് യാചകന്റെ പേര്. നോട്ടിഫിക്കേഷൻ ശബ്ദം വ്യക്തമായി കേൾക്കാൻ ഇയാൾ ഫോൺ തന്റെ ചെവിയോട് ചേർത്തുവച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. എന്തായാലും നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. 

വീഡിയോ കാണാം: