പയ്യാമ്പലം സ്മൃതികുടീരങ്ങളിലെ അതിക്രമം ; ആളെ തിരിച്ചറിഞ്ഞു, ആക്രി പെറുക്കി നടക്കുന്നയാള്‍ ; അറസ്റ്റ് ഇന്നുണ്ടായേക്കും

പയ്യാമ്പലം സ്മൃതികുടീരങ്ങളിലെ അതിക്രമം ; ആളെ തിരിച്ചറിഞ്ഞു, ആക്രി പെറുക്കി നടക്കുന്നയാള്‍ ; അറസ്റ്റ് ഇന്നുണ്ടായേക്കും



കണ്ണൂര്‍: പയ്യമ്പലത്തെ സ്മൃതികുടീരങ്ങളിലെ അതിക്രമം കാട്ടിയയാളെ തിരിച്ചറിഞ്ഞു. പയ്യമ്പലം ബീച്ചില്‍ കുപ്പിയും പ്ലാസ്റ്റിക്കും പെറുക്കി വില്‍പ്പന നടത്തി ജീവിക്കുന്നയാളാണ് പിന്നിലെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും നിഗമനം. ഇയാള്‍ തന്നെയാണ് ദ്രാവകം ഒഴിച്ചതെന്നുമാണ് സൂചന.

പിടിയിലായത് കണ്ണൂര്‍ തന്നട സ്വദേശിയാണ്. 20 വര്‍ഷമായി വീട്ടില്‍ നിന്നും അകന്നു നില്‍ക്കുന്നയാളാണ്. സ്മൃതികുടീരങ്ങളില്‍ ഒഴിച്ചത് ശീതളപാനീയം ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ബീച്ചില്‍ നിന്നും കിട്ടിയ കുപ്പികളില്‍ ഒന്നില്‍ ശേഷിച്ച ദ്രാവകം ഒഴിച്ചുകളയവേ ്‌സ്മൃതി കുടീരങ്ങളില്‍ വീഴുകയായിരുന്നു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പോലീസ് കരുതുന്നു.

അതേസമയം ശാസ്ത്രീയ നിരീക്ഷണങ്ങള്‍ കൂടി പുറത്തുവന്ന ശേഷമേ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പുലര്‍ച്ചെ ഇയാള്‍ ബീച്ചില്‍ കറങ്ങുന്നത് പോലീസ് കണ്ടെത്തിയിരുന്നു. നേരത്തേ സംഭവം വലിയ വിവാദമായി മാറിയിരുന്നു.

മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍, മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, സിപിഎം സെക്രട്ടറിമാരായിരുന്ന ചടയന്‍ ഗോവിന്ദന്‍, ഒ. ഭരതന്‍ എന്നീ നേതാക്കളുടെ കുടീരങ്ങളാണ് കറുത്ത ലായനി ഒഴിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരം മാത്രം ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും രാഷ്ട്രീയ എതിരാളികളാണെന്നുമായിരുന്നു നേരത്തേ സിപിഎം ആരോപണം.