ആന്ത്രാക്സ് ഭീതി, കന്നുകാലികൾക്ക് നിരീക്ഷണം ഏർപ്പെടുത്തും, ജാഗ്രതാ നിർദേശങ്ങളുമായി തായ്‍ലന്‍റ് സർക്കാർ

ആന്ത്രാക്സ് ഭീതി, കന്നുകാലികൾക്ക് നിരീക്ഷണം ഏർപ്പെടുത്തും, ജാഗ്രതാ നിർദേശങ്ങളുമായി തായ്‍ലന്‍റ് സർക്കാർ


ബാങ്കോക്: ആന്ത്രാക്സ് രോഗ ഭീതിയിൽ തായ്‍ലന്‍റ്. അയൽ രാജ്യമായ ലാവോസിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കന്നുകാലികൾക്ക് ശക്തമായ നിരീക്ഷണം ഏർപ്പെടുത്താൻ സർക്കാർ ഉത്തരവിട്ടു. മണ്ണിലെ ബാക്ടീരിയയിലൂടെ കന്നുകാലികളിലേക്കും പിന്നീട് മനുഷ്യരിലേക്കും പടരുന്ന രോഗാണു ആയതിനാൽ, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. കന്നുകാലി വിൽപ്പനയിലടക്കം നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് തായ്‍ലൻഡ് പ്രധാനമന്ത്രി ശ്രറ്റ താവിസിൻ അറിയിച്ചു.

ലാവോസിൽ 50 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മണ്ണിലെ ബാക്ടീരിയയിലൂടെ പടരുന്ന ആന്ത്രാക്സ്, സാധാരണയായി കന്നുകാലികളെയാണ് ബാധിക്കാറുള്ളത്. പക്ഷേ ചില സമയങ്ങളിൽ മനുഷ്യരെ ബാധിക്കുകയും ഗുരുതരമാവുകയും ചെയ്യാറുണ്ട്. മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെയോ രോഗബാധിതരായ മൃഗങ്ങളുമായി ഇടപെടുമ്പോഴോ ശ്വസിക്കുമ്പോഴോ രോഗം വരാം. 

തായ്‌ലൻഡിനോട് അതിർത്തി പങ്കിടുന്ന ലാവോസിലെ തെക്കൻ ചമ്പസാക് പ്രവിശ്യയിലാണ് 54 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മൃഗങ്ങളിൽ എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കന്നുകാലികള്‍ സംശയാസ്പദമായി ചത്താല്‍ അറിയിക്കാനും അസുഖം ബാധിച്ച മൃഗങ്ങളുമായി സമ്പർക്കമുണ്ടായവർ അടിയന്തരമായി ഡോക്ടറെ കാണാനും തായ്‍ലന്‍റ് സർക്കാർ ജനങ്ങള്‍ക്ക് നിർദേശം നൽകി. 

2001 മുതൽ തായ്‌ലൻഡിൽ മനുഷ്യരിൽ ആന്ത്രാക്സ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഒരു വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട കൂടി കേസ് 102 ആണ്. 1995ലാണ് ഇത്രയും കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്.