കേരളം ഇന്നും വേനലില്‍ വേവും; കണ്ണൂർ ഉൾപ്പെടെ പതിനൊന്ന് ജില്ലകളില്‍ 'യെല്ലോ അലര്‍ട്ട്'


കേരളം ഇന്നും വേനലില്‍ വേവും; കണ്ണൂർ ഉൾപ്പെടെ പതിനൊന്ന് ജില്ലകളില്‍ 'യെല്ലോ അലര്‍ട്ട്'


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് ഉയര്‍ന്നുതന്നെ ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തൃശൂരിലാണ് ഈ ദിവസങ്ങളില്‍ ഏറ്റവുമധികം ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

തൃശൂരിൽ ഉയർന്ന താപനില  40 ഡിഗ്രി സെല്‍ഷ്യസ് വരെയാകാമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.  തൃശൂർ ഉൾപ്പെടെ സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.  ശനിയാഴ്ച വരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. 

കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ടയിൽ 38 ഡിഗ്രി സെല്‍ഷ്യസ്  വരെയും, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാം. 

ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയാകാമെന്നാണ് മുന്നറിയിപ്പ്. 

ചൂട് ഉയരുന്നതിനാല്‍ തന്നെ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കാനും നിർ​ദേശമുണ്ട്. ചൂട് കൂടുന്ന മണിക്കൂറുകളില്‍ നേരിട്ട് വെയിലേല്‍ക്കുന്ന രീതിയിലുള്ള ജോലി, യാത്രകള്‍ എന്നിവ ഒഴിവാക്കുന്നതാണ് ഉചിതം.