ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് കോതമംഗലം ടൗണിൽ യു.ഡി.എഫിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കൊല്ലപ്പെട്ട ഇന്ദിര (70)യുടെ മൃതദേഹവുമായെത്തി പ്രതിഷേധിക്കുന്നത്. ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ എം.എൽ.എ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജനകീയ പ്രതിഷേധം. രോഷാകുലരായ പ്രതിഷേധക്കാർ പോലീസിനെ തടഞ്ഞു. പൊലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. പൊലീസ് മൃതദേഹത്തെ തടഞ്ഞെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വിഷയത്തില്‍ പ്രതികരണമുണ്ടായാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്നും  മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

എറണാകുളത്തിന്റെയും ഇടുക്കിയുടെയും അതിർത്തിപ്രദേശമാണ് കാഞ്ഞിരവേലി. ഇരു ജില്ലകളിലേയും ആർആർടികൾ തമ്മിൽ ധാരണയില്ലാത്തത് വന്യജീവികളെ പ്രതിരോധിക്കുന്നതിൽ വലിയ തടസ്സമുണ്ടാക്കുന്നുണ്ടെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ പരസ്യ പ്രതിഷേധം. വനം മന്ത്രി സ്ഥലത്തെത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

നേര്യമംഗലം കാഞ്ഞിരവേലിയിൽ ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണത്തിൽ ഇന്ദിര(70) കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ കൂവ വിളവെടുക്കുന്നതിനിടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു.സംഭവം നടക്കുമ്പോൾ തൊട്ടടുത്ത് റബ്ബർ ടാപ്പിംഗ് ചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾ ആനയെ ഓടിച്ച് ഇന്ദിരയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.അതേസമയം ഈ വർഷം അഞ്ചാമത്തെയാളാണ് ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്