രണ്ടാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 89 മണ്ഡലങ്ങളില്‍; കേരളം അടക്കം രണ്ടിടങ്ങളില്‍ വിധിയെഴുത്ത് സമ്പൂര്‍ണമാകും

രണ്ടാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 89 മണ്ഡലങ്ങളില്‍; കേരളം അടക്കം രണ്ടിടങ്ങളില്‍ വിധിയെഴുത്ത് സമ്പൂര്‍ണമാകും

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഏപ്രില്‍ 26-ാം തിയതിയാണ് രാജ്യം രണ്ടാംഘട്ട വോട്ടിംഗിന് പോളിംഗ് ബൂക്കിലെത്തുന്നത്. 13 സംസ്ഥാനങ്ങളിലായി 89 സീറ്റുകളിലേക്കാണ് അന്നേദിനം വോട്ടെടുപ്പ് നടക്കുന്നത്.

കേരളത്തിന് പുറമെ മറ്റ് 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏപ്രില്‍ 26-ാം തിയതി തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അസമിലെയും ബിഹാറിലെയും അഞ്ച് വീതവും ഛത്തീസ്‌ഗഡിലെ മൂന്നും കര്‍ണാടകയിലെ 14 ഉം കേരളത്തിലെ 20 ഉം മധ്യപ്രദേശിലെ ഏഴും മഹാരാഷ്ട്രയിലെയും ഉത്തര്‍പ്രദേശിലെയും എട്ട് വീതവും രാജസ്ഥാനിലെ 13 ഉം പശ്ചിമ ബംഗാളിലെ മൂന്നും മണ്ഡലങ്ങളാണ് രണ്ടാംഘട്ട വോട്ടിംഗില്‍ ജനവിധിയെഴുതുക. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഈ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തോടെ രാജസ്ഥാനിലെയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. രാജസ്ഥാനിലെ 12 സീറ്റുകളിലേക്ക് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നിരുന്നു.

കാസര്‍കോട്, കണ്ണൂര്‍, വടകര, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ ലോക്‌സഭ മണ്ഡലങ്ങള്‍. ഇടതുവലത് മുന്നണികള്‍ തമ്മില്‍ ശക്തമായ പ്രചാരണവും മത്സരവുമാണ് കേരളത്തില്‍ നടക്കുന്നത്. യുഡിഎഫ് കഴിഞ്ഞ തവണത്തെ മേധാവിത്വം തുടരാന്‍ ലക്ഷ്യമിടുമ്പോള്‍ തിരിച്ചുവരവാണ് എല്‍ഡിഎഫിന്‍റെ നോട്ടം. അക്കൗണ്ട് തുറക്കാനായി എന്‍ഡിഎയും വാശിയേറിയ പ്രചാരണമാണ് സംസ്ഥാനത്ത് നടക്കുന്നത്.